കണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങി.
നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കിട്ടിയ ട്രെയിനുകളിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരന്നു. നിർമാണ മേഖലയിലും ചെങ്കൽപ്പണകളിലും ജോലി ചെയ്തു വരുന്നവരാണ് കൂടുതലും നാട്ടിലേക്ക് മടങ്ങിയത്.
തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്കയാണ് പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. ഇന്നലെ ചെന്നൈ മെയിലിൽ നിരവധി പേരാണ് കണ്ണൂരിൽനിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചത്.
ഇതിൽ കൂടുതലും ഒഡീഷ സ്വദേശികളാണ്. ലോക്ക് ഡൗൺ അനിശ്ചിതാവസ്ഥ പേടിപ്പെടുത്തുന്നതിനാലാണ് പലരും നാട്ടിലേക്കു തിരിച്ചത്.
ജോലിയും കൂലിയും ജീവിക്കാനുള്ള സാഹചര്യവും കേരളത്തിൽ സ്വന്തം നാട്ടിലേതിനെക്കാൾ എത്രയോ ഭേദമാണെങ്കിലും ലോക്ക് ഡൗൺ അനിശ്ചിതത്വം പേടിപ്പിക്കുന്നതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഒഡീഷ സ്വദേശികളും നിർമാണതൊഴിലാളികളുമായ ബികാസ് ബോൺസും ബിദുർ ഭൂമിയാൻസും പറഞ്ഞു.
ചെന്നൈയിൽ നിന്ന് ട്രെയിനിലോ വാഹനത്തിലോ നാട്ടിലേക്കു മടങ്ങാനാണ് ഇവരുടെ ആലോചന.
അതേസമയം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതിന തുടർന്ന് നിർമാണമേഖല സ്തംഭിച്ചിരിക്കുകയാണ്.
ജില്ലയിലെ മിക്കയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ ഏറെ വൃത്തിഹീനവും സൗകര്യമില്ലാത്ത സാഹചര്യങ്ങളിലുമാണ് താമസിച്ചുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.