സ്വന്തം ലേഖകൻ
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കി ഷാഫിയുടെയും കൊടി സുനിയുടെയും ബി ടീമെന്ന നിഗമനത്തിൽ കസ്റ്റംസ്.
പൊട്ടിക്കൽ സംഘത്തിന് നേതൃത്വം നല്കുന്ന പ്രധാന ടീമുകളാണ് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.
ഇവർ ജയിലിൽ പോകുന്പോൾ അർജുൻ ആയങ്കിയുടെ നേതൃത്വത്തിലാണ് പൊട്ടിക്കൽ സംഘത്തിന് നേതൃത്വം നല്കുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഇരുപതോളം പേർ ഈ ബി ടീമിൽ ഉള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാംഗങ്ങളുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ആയങ്കി ഉപേക്ഷിച്ചതായി കരുതുന്ന മൊബൈൾ ഫോണിൽ നിർണായക വിവരങ്ങളുള്ളതായാണു സൂചന. മൊബൈൽ ഫോണിന്റെ ഇഎംഐ നന്പർ കണ്ടെത്തി ഫോൺ കോളുകളും വാട്സ്ആപ് ചാറ്റുകളും വീണ്ടെടുക്കാനാണു കസ്റ്റംസിന്റെ ശ്രമം.
ടി.പി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയുടെ നിർദേശപ്രകാരമാണ് രാമനാട്ടുകര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഓപ്പറേഷന് ആയങ്കി നേതൃത്വം നൽകിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഷാഫിയോടൊപ്പം ഒളിവിൽ കഴിയുകയും ഷാഫിയുടെ നിർദേശാനുസരണം കാർ മാറ്റുകയും ചെയ്തതായുമാണ് അന്വേഷണംസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
ലീഡറുടെ നിർദേശപ്രകാരമാണ് ഫോൺ നശിപ്പിച്ചതെന്നാണ് അർജുൻ ആയങ്കി മൊഴിനൽകിയിരിക്കുന്നത്.
കൊടി സുനിയും മുഹമ്മദ് ഷാഫിയുമല്ലാതെ പൊട്ടിക്കൽ സംഘത്തിന് നേതൃത്വം നല്കുന്ന കണ്ണൂർ സ്വദേശിയായ അജ്ഞാത ലീഡറിനെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംഘത്തിന് ലഭിച്ചതായാണ് സൂചന.
2019 ൽ ഉത്തരേന്ത്യൻ സ്വദേശിയുടെ നാലുകോടി രൂപ തമിഴ്നാട്ടിലെ തിരുനെല്ലിയിൽ വച്ച് കണ്ണൂരിലെ നാലു ടീമുകളടങ്ങുന്ന പൊട്ടിക്കൽ സംഘം തട്ടിയെടുത്തിരുന്നു.
പണത്തിന് രേഖയുള്ളതിനാൽ കേസ് നടന്നുവരികയാണ്. ഇതിൽ കൊടി സുനിയും പ്രതിയായിരുന്നു. ഈ സംഘത്തിലും അർജുൻ ആയങ്കിയുടെ പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് സംഘത്തിന് വാഹനം നൽകിയതുമായി ബന്ധപ്പെട്ട് കരിവെള്ളൂർ കൊഴുമ്മലിലെ സരിൻ, ഉദിനൂരിലെ വികാസ്, തിമിരിയിലെ ക്രിസ്റ്റഫർ, കണ്ണൂരിലെ ആദർശ് എന്നിവരെ കസ്റ്റംസ് കാസർഗോഡ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തു.
അർജുന്റെ സംഘത്തിലുണ്ടായിരുന്ന ഒരു കാർ വികാസിന്റെ ഉടമസ്ഥതയിലുള്ള ഈ കാറും കസ്റ്റംസ് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുനിന്റെ ഭാര്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നു രാവിലെ ഹാജരാകും.