തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീറും വാശിയും വിളിച്ചോതുന്ന ചുമരെഴുത്ത് 42 വർഷത്തിന് ശേഷവും മായാതെ തിളങ്ങുന്നു. 1977 ൽ കുമ്മായവും നീല ചായവും പൂശി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ചുമരെഴുത്താണ് കണ്ണൂർ ജില്ലയിലെ ചെറുകുന്ന് കൊവ്വപ്പുറത്തെ ചുമരിൽ ഇന്നും മായാതെ തെളിഞ്ഞു നിൽക്കുന്നത്.
കുമ്മായവും ചായവും കലക്കുന്നതോടൊപ്പം ഉന്ന മുരിക്കിന്റെ തോൽ ചെത്തി ഇടിച്ചു അതിന്റെ പശയും ചേർക്കും. ഇതാണ് ഇങ്ങനെ മായാതെ നിൽക്കാൻ കാരണം. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ചുമരിൽ ഏറെ സാഹസപ്പെട്ടാണ് ചുമരെഴുത്തു നടത്തിയതെന്ന് വ്യക്തം.
സിപിഎം സ്ഥാനാർത്ഥിയായി അഞ്ചാം നിയമസഭയിലേക്ക് അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച ചടയൻ ഗോവിന്ദനും കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഒ. ഭരതനും വേണ്ടി വോട്ടഭ്യർത്ഥിച്ചുള്ള ചുവരെഴുത്താണ് ഇന്നും മായാത്ത മുദ്രയായി തെളിഞ്ഞു നിൽക്കുന്നത്.