പെരിങ്ങോം(കണ്ണൂർ): പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കുപ്പോള്‍ സ്വദേശി വിനീഷ് (28), മടക്കാംപൊയില്‍ സ്വദേശി സുവര്‍ണ്ണന്‍ (39)എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരിയുടെ പരാതിയില്‍ നാലു കേസുകളാണ് പോലീസെടുത്തത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തും ഈ മാസത്തിലുമായാണ് സംഭവമെന്നായിരുന്നു പരാതി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു.
പീഡനം നടന്ന വിവരം ഇവിടെനിന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുത്ത ശേഷം പെരിങ്ങോം പോലീസിന് കൈമാറുകയായിരുന്നു.
ഈ പരാതിയില്‍ രണ്ടുകേസുകളെടുത്ത പെരിങ്ങോം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നു മൊഴിയെടുത്തിരുന്നു.
ഇതിന് ശേഷം പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തതോടെ ഇന്നലെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയെടുത്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.