തളിപ്പറമ്പ്: മൊബൈല്‍ഫോണും സിസിടിവിയുമില്ലെങ്കില് കുറ്റവാളികളെ പിടികൂടാനാവില്ലെന്ന പോലീസ് നിലപാടിനെതിരെ തളിപ്പറമ്പില്‍ ജനരോഷം ശക്തമാകുന്നു. ഏഴാംതവണയും നഗരത്തില്‍ പാര്‍ക്ക്ചെയ്ത കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നതോടെ ജനങ്ങള്‍ പോലീസിനെതിരെ തിരിയുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
എന്ത് സംഭവം നടന്നാലും പരാതിക്കാരോട് പോലീസ് അന്വേഷിക്കുന്നത് അടുത്തെങ്ങാനും സിസിടിവിയുണ്ടോ എന്നാണ്. പിന്നീട് സൈബര്‍സെല്‍ മുഖേന ഒരന്വേഷണം ഇത് രണ്ടുമില്ലെങ്കില്‍ തളിപ്പറമ്പ് പോലീസിന് കുറ്റവാളികളെ പിടികൂടാനാവില്ലേ എന്നാണ് ജനം മൂക്കത്ത് വിരല്‍വെച്ച് ചോദിക്കുന്നത്.
പ്രമാദമായ നിരവധി സംഭവങ്ങള്‍ നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനം പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ നടന്ന സിഎച്ച് സെന്റർ തീവെപ്പിലും പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ നടന്ന ഒബ്സ്ക്യൂറ സ്റ്റുഡിയോ തീവെപ്പിലും ഇതുവരെ പോലീസിന് കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയതോടെയാണ് ഇന്നത്തെ തീര്‍ത്തും അലംഭാവം കാണിക്കുന്ന സ്ഥിതി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുമാസത്തേക്ക് നിയമിതരാകുന്ന പോലീസുദ്യോഗസ്ഥര്‍ ക്രമസമാധാനമല്ലാതെ മറ്റൊരു കാര്യവും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇന്നലെ ലോട്ടറിടിക്കറ്റിലെ നമ്പര്‍ തിരുത്തി സമ്മാനം വാങ്ങാനെത്തിയ ഒഡീസ സ്വദേശിയെ കടയുടമ പോലീസിലേല്പ്പിച്ചിട്ടും പരാതി നല്‍കേണ്ടെന്ന് പറഞ്ഞ് പ്രതിയെ പറഞ്ഞുവിട്ട പോലീസിന്റെ നിലപാട് ഏറെ ആക്ഷേപത്തിനിടയാക്കിയ സമയത്തുതന്നെയാണ് ഈ സംഭവവും നടന്നിരിക്കുന്നത്.