കണ്ണൂർ: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഒരാളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളും നീരീക്ഷണത്തിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വയനാട് മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് രോഗ ലക്ഷണം. കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനിലെ പോലീസുകാരെ കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും ഇന്നു മുതൽ ക്രമീകരണം ഏർപ്പെടുത്തിയത്.
സേനാംഗങ്ങളെ രണ്ടായിത്തിരിച്ചാണ് ജോലിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ ഒരു ദിവസം പകുതി സേനാംഗങ്ങൾ ജോലി ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഓഫ് നൽകും. ഇത്തരത്തിൽ പകുതി വീതം സേനാംഗങ്ങൾ ഇടവിട്ട ദിവസങ്ങളിൽ ജോലി ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
ഒരു വിഭാഗത്തിലെ സേനാംഗത്തിന് രോഗ ലക്ഷണമുണ്ടായാൽ ഒരു ഗ്രൂപ്പ് മാത്രം നീരീക്ഷണത്തിൽ പോയാൽ മതി. സ്റ്റേഷനുമായി ബന്ധമുള്ള പകുതി സേനാംഗങ്ങൾക്ക് സ്റ്റേഷനിൽ തുടരാൻ സാധിക്കും. ഇത് സ്റ്റേഷന്റെ സുഗമമായ പ്രവർത്തത്തിന് പ്രയോജനം ചെയ്യും.
പുതിയ സേനാംഗങ്ങളെ കൊണ്ടുവന്ന് ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക ദുസഹമാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേഷനിലെ സേനാംഗങ്ങളെ രണ്ടായി വിഭജിച്ച് ജോലിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്.