കണ്ണൂരില്‍ പിടിയിലായ പുലിയുടെ ഉടമയെ തേടിയുള്ള അന്വേഷം നിര്‍ണായഘട്ടത്തില്‍. പിടിയിലായത് കാട്ടിലെ പുലിയല്ലെന്നും അത് നാട്ടു പുലിയാണെന്നും പോലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ വന്ന അജ്ഞാത ഫോണ്‍ കോളാണ് ഉടമയിലേക്കുള്ള വഴി തെളിച്ചത്. നഗരത്തിനു പുറത്തുള്ള വലിയ വീട്ടില്‍ പുലിയെ പോലുള്ള ജീവിയെ കണ്ടിരുന്നതായാണ് പോലീസിന് സന്ദേശം ലഭിച്ചത്. പേരു വെളിപ്പെടുത്താത്ത പുരുഷനാണ് ആളുടെ പേരുള്‍പ്പെടെ വിവരം കൈമാറിയതെന്നാണ് സൂചന. ഇതോടെ വനംവകുപ്പിന് പുറമെ പോലീസും പുലിയെ വളര്‍ത്തിയ സമ്പന്നനെക്കുറിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുലി കാര്യവും ചര്‍ച്ചയില്‍ വന്നു. വളര്‍ത്തുപുലിയെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. തായതെരു റെയില്‍വേ ട്രാക്കിന് സമീപം ഏഴു മണിക്കൂറോളം യാതൊരു ഭാവപകര്‍ച്ചയും ഇല്ലാതെ കിടന്ന പുലി ഒരു പ്രാവശ്യം മാത്രമാണ് ട്രെയിനിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്. ഈ സമയങ്ങളില്‍ 29 ട്രെയിനുകള്‍ തെക്ക്‌വടക്കായി പാഞ്ഞുപോയിട്ടും പുലി ശാന്തനായി കുറ്റിക്കാട്ടില്‍ ഇരുന്നു.
പുലി പതിയിരുന്ന കുറ്റിക്കാട്ടിന് ചുറ്റുമായി വന്‍ പുരുഷാരം നിറഞ്ഞ് ശബ്ദകോലാഹലങ്ങള്‍ ഉണ്ടായിട്ടും പുലി അനങ്ങിയില്ല. ഇതൊക്കെ പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നുള്ള തെളിവാണ്. വീട്ടില്‍ വളര്‍ത്തിയ പുലി അല്ലെങ്കില്‍ സര്‍ക്കസ് കൂടാരത്തില്‍നിന്നും മറ്റും ചാടിയതാണെന്നായിരുന്നു ആദ്യ നിഗമനം. തിരുവനന്തപുരം വെറ്ററിനറി ഡോക്ടര്‍ കെ. ജയകുമാറിന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അന്വേഷണം ആരംഭിച്ചു. ഇതിനു പുറമെയാണ് പോലീസും സമ്പന്നനെ നിരീക്ഷിക്കുന്നത്.