സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ശബരിമലയിൽ സുരക്ഷയൊരുക്കാൻ കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് ഉൾപ്പെടെ വൻ പോലീസ് സംഘം യാത്ര തിരിച്ചു. ഇന്നലെ രാവിലെയോടെയാണു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 117 അംഗ പോലീസ് സംഘം ശബരിമലയിലേക്കു പുറപ്പെട്ടത്.
ജില്ലാ പോലീസ് മേധാവിക്ക് പുറമെ മൂന്നു സിഐമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 18 എസ്ഐമാർ, 12 ബോംബ് ഡിറ്റക്ടർ ആൻഡ് ഡിസ്പോസ് ടീം, നാലു വനിതാ പോലീസുകാർ, 78 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാണ് ആദ്യസംഘത്തിലുള്ളത്. ഇന്നലെ മുതൽ ഈ മാസം 30വരെയാണ് ആദ്യ സംഘത്തിന് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. നിലയ്ക്കലിലും പന്പയിലുമാണ് കണ്ണൂരിലെ പോലീസുകാരെ നിയമിച്ചത്.
കഴിഞ്ഞ വർഷങ്ങളിലൊന്നും കാണാത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണു പോലീസുകാർ ശബരിമലയ്ക്കു പോയത്. സുരക്ഷാകവചം, ഷീൽഡ്, പ്രത്യേക തരം ഹെൽമറ്റ് എന്നിവ ധരിച്ചാണ് ഡ്യൂട്ടി ചെയ്യുക. സാധാരണ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയമിക്കുന്പോഴാണ് ഇത്തരം സുരക്ഷിത കവചം നൽകാറുള്ളത്.
സ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പോലീസുകാരെ മൂന്നു ഘട്ടമായിട്ടാണു ശബരിമലയിൽ നിയോഗിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ നിർദേശം നൽകിയിരുന്നു. ഇതിന്റെ ആദ്യസംഘമായ ഫെയ്സ് വൺ ടീമാണ് കണ്ണൂരിൽ നിന്നും പുറപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, ടൗൺ സിഐ രത്നകുമാർ, തലശേരി കോസ്റ്റ് ഗാർഡ് സിഐ കെ. കുട്ടികൃഷ്ണൻ, ആലക്കോട് സിഐ സുരേഷ് എന്നിവരാണ് കണ്ണൂരിലെ ആദ്യസംഘത്തെ നയിക്കുന്നത്. ബോംബ് സ്ക്വാഡിന്റെ പ്രധാന ടീം തന്നെയാണ് ആദ്യ ടീമിൽ ശബരിമലയിലേക്കു പുറപ്പെട്ടത്.
കണ്ണൂരിലും പ്രശ്നസാധ്യത
ജില്ലയിലെ 40 പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസുകാരുടെ എണ്ണത്തിനനുസരിച്ചാണ് ശബരി മലയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കണ്ണൂർ പോലെയുള്ള നിരന്തര പ്രശ്നസാധ്യതയുള്ള ജില്ലയിൽ നിന്നും പോലീസ് മേധാവിയടക്കം വലിയൊരു പോലീസ് സന്നാഹം ശബരിമല ഡ്യൂട്ടിക്ക് പോകുന്നത് സമാധാനകാംക്ഷികൾ ഭയപ്പാടോടെയാണ് കാണുന്നത്.
ചെറിയ വാക്കുതർക്കം പോലും വലിയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്ന വൈകാരികമായി പ്രതികരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അണികളുള്ള ജില്ലയിൽ നിന്നും വലിയൊരു വിഭാഗം പോലീസുകാരെ മൂന്നു ഘട്ടങ്ങളിലായി ശബരിമലയിൽ വിന്യസിക്കുന്പോൾ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നൽകുന്നുണ്ട്.