റെനീഷ് മാത്യു
കണ്ണൂർ: കണ്ണൂരിൽ ക്വാറന്റൈൻ നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ “വീഡിയോ കോളുമായി’ കണ്ണൂർ പോലീസ്. ഇതരസംസ്ഥാനത്ത് നിന്നും വിദേശത്തു നിന്നും നിരവധി പേരാണ് കണ്ണൂരിലേക്ക് എത്തുന്നത്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ” വീഡിയോ കോൾ’ പദ്ധതിയുമായി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതരസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടോ എന്നറിയാനാണ് പോലീസിന്റെ “വീഡിയോ കോൾ’ ഓപ്പറേഷൻ.
മടങ്ങിയെത്തിയ വ്യക്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെങ്കിൽ ആ വീട്ടിലെ എല്ലാ അംഗങ്ങളും ക്വാറന്റൈനിൽ തന്നെയാണ്. ഈ വീട്ടിലെ അംഗങ്ങളുടെയെല്ലാം വിവരങ്ങളും പോലീസ് ശേഖരിക്കും. ഫോൺ നന്പർ അടക്കം ശേഖരിക്കുകയും ചെയ്യും.
തുടർന്ന് ഏതെങ്കിലും ഒരു സമയത്ത് പോലീസ് വീട്ടിലെ അംഗത്തെ വീഡിയോ കോൾ ചെയ്യും. അപ്പോൾ, ആ വീട്ടിൽ ഉള്ള എല്ലാവരെയും പോലീസിന് വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കണം.
വീഡിയോ കോൾ ചെയ്യുന്ന സമയത്ത് ആരെങ്കിലും ഒഴിവായാൽ ആ വ്യക്തിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുക്കുകയും പോലീസെത്തി വ്യക്തിയെ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലാക്കുകയും ചെയ്യും.
കണ്ണൂരിൽ കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും നിയന്ത്രണങ്ങളും പരിശോധനകളും കർശനമായി തുടരാനാണ് പോലീസ് ലഭിച്ചിരിക്കുന്ന നിർദേശം.