പാട്ടുപാടി യുട്യൂബിലെ താരമായ കണ്ണൂരിന്റെ കൊച്ചുപൂമരം ആറുവയസുകാരൻ സിഫ്രാൻ സിനിമയിലേക്ക്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലാണ് സിഫ്രാൻ അഭിനയിക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലെ “ഞാനും ഞാനുമെന്റാളും’’ എന്ന പാട്ട് സിഫ്രാന്‍ യൂട്യൂബില്‍ പാടി ഹിറ്റാക്കിയിരുന്നു. കൂടാതെ നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു റോളാണ് സിഫ്രാൻ ചെയ്യുന്നത്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചാലക്കുടിയിൽ തുടങ്ങി.
കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സിഫ്രാന്‍. സിനിമാതാരമായ സനുഷ ഈ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. അനിയൻ സനൂപ് ഇപ്പോൾ ഇവിടുത്തെ വിദ്യാർഥിയാണ്. പള്ളിക്കുന്ന് സൗപര്‍ണിക അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നിസാംമെഹ്റു ദമ്പതികളുടെ മകനാണ്.
നിസാമും മെഹ്റുവും ചാനലുകളിലെ പട്ടുറുമാല്, മൈലാഞ്ചി എന്നീ റിയാലിറ്റി ഷോകളിലെ താരങ്ങളായിരുന്നു. നൂറി ഏക സഹോദരിയാണ്. അന്തരിച്ച കലാഭവന്‍ മണിയുടെ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ… എന്ന ഗാനവും സിഫ്രാന്‍ പാടി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അഞ്ചുലക്ഷം പേരാണ് സോഷ്യല്‍ മീഡിയയില്‍ പാട്ടു കണ്ടത്.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാഡ്സ്റ്റണ് യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സലിംകുമാര്‍, ജനാര്ദനന്, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്മജന്, വിഷ്ണു, ജോജു ജോര്‍ജ്, ടിനിടോം, കൊച്ചുപ്രേമന് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥയും സംവിധാനവും വിനയൻ ആണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് ഉമ്മര്‍ കാരിക്കാടാണ്.