കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കാണുന്നത് മണിക്കൂറുകൾ ഇടവിട്ട് പ്ലാറ്റ്ഫോം കഴുകി വൃത്തിയാക്കുന്നതും മാലിന്യങ്ങൾ നിരന്തരം നീക്കം ചെയ്യുന്ന ശുചീകരണ ജീവനക്കാരെയുമാണ്. നൂറു ശതമാനം ആത്മാർതഥയോടെയാണ് ഇവർ തങ്ങളുടെ ജോലികൾ ചെയ്യുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ശുചിത്വത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഈ ജീവനക്കാർക്കു തന്നെയാണ്.
ഇത്രയും സ്റ്റേഷന്റെ ബാഹ്യമുഖം മാത്രം. എന്നാൽ പ്ലാറ്റ് ഫോമുകളിൽ നിന്നും റെയിൽവേ ട്രാക്കുകളിൽ നിന്നുമായി ശേഖരിക്കുന്ന മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്നു ചോദിച്ചാൽ ശുചിത്വത്തിന്റെ പേരിൽ മേനി നടിച്ചു നടക്കുന്നവരുടെ തല താഴും. കാരണം കേരളത്തിലെ പ്രധാനപ്പെട്ട റെയിൽ വേ സ്റ്റേഷനായ കണ്ണൂരിൽ ഇനിയും കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനമില്ല.
ശേഖരിക്കുന്ന മാലിന്യങ്ങൾ റെയിൽ വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതാകട്ടെ തെരുവ് നായകളും മറ്റും കടിച്ചും വലിച്ചും പ്രദേശത്ത് പരന്ന് കിടക്കുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ തെരുവ് നായ ശല്യത്തിനു പ്രധാന കാരണവും ഈ മാലിന്യം തള്ളൽ തന്നെയാണെന്ന് നിസംശയം പറയാം. റെയിൽവേ സ്റ്റേഷനിലെ ശുചിത്വം ഉറപ്പുവരുന്നത് ഞങ്ങളാണെന്ന് പറഞ്ഞ് മേനി നടിക്കുന്നവരോട് ഇത് പറയാതെ വയ്യ. അയ്യേ… ഇതെന്തൊരു നാണക്കേട്.