കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ട്രെയിനുകളുടെ വിവരം നൽകുന്നതിനായി സ്ഥാപിച്ച കൂറ്റൻ ഡിജിറ്റിൽ ബോർഡ് യാത്രികരെ വട്ടംകറക്കുന്നു. റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറ് ഭാഗത്ത് സ്റ്റേഷൻ കെട്ടിടത്തിനു പുറത്തായാണ് ബോർഡ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിൽ നിന്നു തന്നെ രാത്രിയും പകലും ഒരു പോലെ വായിക്കാൻ കഴിയുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
ഒരാഴ്ച മുന്പാണ് ബോർഡ് സ്ഥാപിച്ചത്. ഇലക്ട്രോണിക്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബോർഡിലൂടെ നിരന്തരം ട്രെയിൻ വിവരങ്ങൾ റണ്ണിംഗ് ലെറ്ററായി എഴുതിക്കാണിക്കും. ട്രെയിനുകളുടെ നന്പർ, പേര്, ഏത് സ്റ്റേഷനിൽ നിന്നും എവിടേക്കു വരെ എന്നീ വിവരങ്ങളും ട്രെയിനുകൾ വൈകി ഓടുന്നുണ്ടെങ്കിൽ അക്കാര്യം ഉൾപ്പെടെയുള്ളവയും യാത്രക്കാരെ അറിയിക്കാനാണ് ഈ സംവിധാനം ഒരുക്കിയത്.
എന്നാൽ ബോർഡ് മാത്രം നോക്കിയാൽ യാത്രക്കാർ പെരുവഴിയിലാകും എന്നതാണ് സംഭവത്തിന്റെ ഹൈലൈറ്റ്. പലപ്പോഴും തെറ്റായ വിവരങ്ങളാണ് ബോർഡിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള റെയിൽവേയുടെ പ്രത്യേക സംവിധാനത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. ഇതിന്റെ തകരാറുമൂലമാണ് തെറ്റായ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
കൃത്യ സമയത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾ പോലും വൈകിയാണ് ഓടുന്നതെന്ന തെറ്റായ വിവരം പോലും ബോർഡിൽ പ്രത്യക്ഷപ്പെടും. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും യാത്ര പുറപ്പെടാൻ നിൽക്കുന്ന ട്രെയിൻ പോലും വൈകി ഓടുന്നുവെന്ന അറിയിപ്പായിരിക്കും ചിലപ്പോൾ ഉണ്ടാകുക.
ഇതു നോക്കി ട്രെയിൻ വരാൻ ഇനിയും സമയമുണ്ടെന്ന് ഏതെങ്കിലും യാത്രികൻ തെറ്റിദ്ധരിച്ചാൽ പെരുവഴിയാകും ഫലം. അതേ സമയം ഈ സംവിധാനം പൂർണമായ തോതിൽ പ്രവർത്തന സജ്ജമായിട്ടില്ലെന്നും സാങ്കേതിക പിഴവുകൾ പരിഹരിച്ച് വരികയാണെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.