തലശേരി/മാഹി: പള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. ഇതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്.
അതേസമയം പെരിങ്ങാടി ഈച്ചിയിലെ ആർഎസ്എസ് പ്രവർത്തകൻ കെ.പി. ഷമേജിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സിപിഎം പ്രവർത്തകരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പള്ളൂർ കൊയ്യോടൻ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ബാബു വെട്ടേറ്റു മരിച്ചത്. ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂമാഹിയിൽ ഷമേജും
ആക്രമിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തു. ബാബു കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകമെന്നാണ് എഫ്ഐആറിലുള്ളത്. ഉന്നതതല ഗൂഢാലോചന നടത്തി ഷമേജിനെ കൊലപ്പെടുത്താനുള്ള സമയം ലഭിക്കാനിടയില്ലെന്നതാണ് ഈ കൊലയിൽ പ്രാദേശിക സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിക്കുന്നത്.
ഇക്കാരണത്താൽ പരിസര പ്രദേശങ്ങളിലെ പ്രവർത്തകരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് തലശേരി സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ട് നാലുദിവസം കഴിഞ്ഞിട്ടും ആരെയും പിടികൂടാനാവാത്ത പോലീസിനെതിരേ കടുത്ത വിമർശനവും ഉയർന്നിരിക്കുകയാണ്.
സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകം അന്വേഷിക്കുന്ന സീനിയർ പോലീസ് സൂപ്രണ്ട് അപൂർവ ഗുപ്ത അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നും പ്രതികളെകുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെയും വ്യക്തമാക്കിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല.
ബാബുവിന്റെ കൊലപാതകത്തിൽ പ്രദേശവാസികളേയും ചില ക്വട്ടേഷൻ സംഘങ്ങളേയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പള്ളൂർ പ്രദേശത്തെ ഇരുപക്ഷത്തുമുള്ള സജീവ രാഷ്ട്രീയ പ്രവർത്തകർ ഒളിവിൽ പോയതും പോലീസിനെ കുഴക്കുകയാണ്.
അതേസമയം കേസന്വേഷണം കേരള പോലീസുമായി സഹകരിച്ചു പോകുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പാനൂർ സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പന്തക്കൽ പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.