കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസും സിബിഐ ഏറ്റെടുത്തതോടെ കണ്ണൂരിലെ നാലു രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം. ആർഎസ്എസ് നേതാവ് കതിരൂർ മനോജ് , എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂർ, തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ തുടങ്ങിയ കൊലപാതക കേസുകളാണു നിലവിൽ സിബിഐ അന്വേഷിക്കുന്നത്.
അതിനു പിന്നാലെയാണു മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസും സിബിഐയുടെ കൈകളിലേക്ക് എത്തുന്നത്. നാലു രാഷ്ട്രീയ കൊലപാതക കേസുകളിലും പ്രതിസ്ഥാനത്തുള്ളതു സിപിഎമ്മാണ്.
ഈ നാലു കേസുകൾക്കു പുറമേ പയ്യന്നൂരിലെ ഹക്കീം വധം, തലശേരി മെയിൻ റോഡിലെ സവിത ജൂവലറി ഉടമ ദിനേശൻ വധം, ചെറുപുഴയിലെ മറിയക്കുട്ടി വധം എന്നിവയും സിബിഐയാണ് അന്വേഷിക്കുന്നത്. കതിരൂർ മനോജ്, അരിയിൽ ഷുക്കൂർ കേസുകളിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ളവർ പ്രതിസ്ഥാനത്താണ്.
മുഹമ്മദ് ഫസൽ വധക്കേസ്
2006 ഒക്ടോബർ 22 നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ (35) തലശേരിയിൽ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സിബിഐക്കു വിടുകയായിരുന്നു. സിബിഐ അന്വേഷണത്തെ അന്നത്തെ ഇടതുസർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും കോടതി ശരിവയ്ക്കുകയായിരുന്നു. ഈ കേസിൽ 2012 ജൂൺ 12 ന് സിബിഐ എറണാകുളം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ വിചാരണ നടപടികൾ നടന്നു വരികയാണ്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പ്രതികളാണ്.
അരിയിൽ ഷുക്കൂർ വധക്കേസ്
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൾ ഷുക്കൂറിനെ (24) 2012 ഫെബ്രുവരി 20 നു കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്തു വച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇതേദിവസം പട്ടുവം അരിയില്‍ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശേരി എംഎൽഎ ടി.വി. രാജേഷും സഞ്ചരിച്ച കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു കൊലപാതകമെന്നാണു കേസ്.
കേസുമായി ബന്ധപ്പെട്ടു 2012 ഓഗസ്റ്റ് ഒന്നിനു പി. ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ജയരാജന് ജയിലില്‍ കഴിഞ്ഞു. ഷുക്കൂറിന്റെ അമ്മ അത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയെ തുടർന്നായിരുന്നു കേസന്വേഷണം സിബിഐക്കു വിട്ടത്. നിലവിൽ കേസിൽ സിബിഎ അന്വേഷണം തുടരുകയാണ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ജയരാജൻ ഉൾപ്പെടെയുള്ളവർ നല്കിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസ് ഈ മാസം 13 ന് പരിഗണിക്കാനിരിക്കുകയാണ്.
കതിരൂർ മനോജ് വധക്കേസ്
2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജ് (42) കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്ന കേസ് സിബിഐക്കു വിട്ടുകൊണ്ട് അന്നത്ത യുഡിഎഫ് സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഇതേത്തുടർന്നാണു സിബിഐ കേസ് ഏറ്റെടുത്തത്.
തുടർന്ന് ഒക്ടോബർ 28 നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ് വന്നത്. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ 25 ാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ച് അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണ്. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കു പുറമെ യുഎപിഎ അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ശുഹൈബ് വധക്കേസ്
2018 ഫെബ്രുവരി 12ന് മട്ടന്നൂരിർ തെരൂരിൽവച്ചാണു യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് (29) കൊല്ലപ്പെട്ടത്. ശുഹൈബ് വധക്കേസിൽ സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. കൊലപാതകം നടന്ന് ഒരു മാസത്തിനകം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെന്ന പ്രത്യേകതയും ഇതിനുണ്ട്.
മറ്റു കേസുകൾ
2014 ഫെബ്രുവരി 10നാണു പയ്യന്നൂര്‍ സ്വദേശി ഹക്കീമിന്റെ (45) മൃതദേഹം കൊറ്റി ജുമാ മസ്ജിദ് പള്ളിയോടു ചേര്‍ന്ന മദ്രസയ്ക്കു പുറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മാസങ്ങളോളം പ്രക്ഷോഭം നടത്തി. ഹൈക്കോടതി ഉത്തരവിനുസരിച്ചാണു കേസ് സിബിഐ ഏറ്റെടുത്തത്.
പള്ളിക്കെട്ടിട നിര്‍മാണം, കുറി നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കമാണു ഹക്കീമിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു കണ്ടെത്തിയ സിബിഐ നാലുപേരെ പിടികൂടിയിരുന്നു. അതിനുശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്..
തലശേരി മെയിന്റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശനെ(52) 2014 ഡിസംബര്‍ 23 ന് രാത്രിയാണു ജ്വല്ലറിക്കകത്തു കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷണം നടത്തിയെങ്കിലും കേസിന് ഒരു തുമ്പും കണ്ടെത്താന്‍ സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തില്‍ ദിനേശന്റെ സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദരാജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു കൊലപാതകം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐക്കും പ്രതികളെ കണ്ടെത്തനായിട്ടില്ല.
ചെറുപുഴ കാക്കേഞ്ചാലിൽ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടി(72) യെ 2012 മാർച്ച് അഞ്ചിനു പുലർച്ചെയാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തെക്കുറിച്ച് ആദ്യം ലോക്കൽ പോലീസാണ് അന്വേഷണം നടത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു.
എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു കേസ് അന്വേഷണം സിബിഐക്കു വിടണമെന്ന മറിയക്കുട്ടിയുടെ മക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അടുത്തിടെയാണ് ഇതു സംബന്ധിച്ച കോടതി ഉത്തരവുണ്ടായത്.