വ്യാജവാര്‍ത്തകളുടെ അതിപ്രസരം കാരണം നിരവധിയനവധി അപകടങ്ങള്‍ സമൂഹത്തില്‍ സംഭവിക്കാറുണ്ട്. മനുഷ്യജീവനു വരെ പലപ്പോഴും വെല്ലുവിളിയുണര്‍ത്തുന്ന രീതിയിലും വ്യാജവാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഈയവസരത്തില്‍ ഇത്തരം പ്രവണതയ്‌ക്കെതിരെ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കി മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി.
നിരുപദ്രവമെന്നു തോന്നുന്ന ഫോര്‍വേഡ് മെസേജുകള്‍ 20 പേരുടെ ജീവനെടുത്ത സാഹചര്യത്തിലാണ് സത്യമേവ ജയതേ എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ ആരംഭിക്കാന്‍ കളക്ടര്‍ തീരുമാനിച്ചത്. എട്ടാം ക്ലാസ് മുതല്‍ 12-ാ0 ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയിലൂടെ കുട്ടികള്‍ക്ക് വ്യാജവാര്‍ത്ത തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കുന്നത്. മീസല്‍സ്-റൂബെല്ല വാക്സിനേഷന് എതിരെ നടന്ന വ്യാജ പ്രചാരണങ്ങളാണ് അദ്ദേഹത്തെ സത്യമേവ ജയതേയിലേയ്ക്ക് നയിച്ചത്.
വ്യാജവാര്‍ത്തയില്‍ വിശ്വസിച്ച കുട്ടികള്‍ റൂബെല്ല വാക്സിന്‍ എടുക്കുവാന്‍ സമ്മതിക്കാതെവന്നു. ഇതോടെ വ്യാജ പ്രചാരണങ്ങള്‍ മൂലം ഒമ്പത് മാസത്തിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ തടസപ്പെടുകയും ചെയ്തു. കുഞ്ഞു കുട്ടികളുടെ ജീവിതമാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളാല്‍ അപകടപ്പെടുന്നതെന്ന് മിര്‍മുഹമ്മദ് പറഞ്ഞു.
മാത്രമല്ല നിപ്പ വൈറസ് ഭീതിയില്‍ കേരളം പേടിച്ചു കഴിയുമ്പോള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ വഴികളും തേടുമ്പോഴും വ്യാജവാര്‍ത്തകള്‍ എല്ലാത്തിനെയും തകിടം മറിക്കുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലനായ വ്യാജന്മാരെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. ഇതൊക്കെ അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കളക്ടര്‍ക്ക് മുന്നിലുള്ളത്.
സ്‌കൂളുകള്‍ അടിസ്ഥാനമാക്കിയാണ് മിര്‍ മുഹമ്മദിന്റെ പ്രവര്‍ത്തനം ഒരോ സ്‌കൂളിലേയും കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകളുടെ പ്രശ്നങ്ങളും അവ എങ്ങിനെ ബാധിക്കുന്നുവെന്നും പറഞ്ഞു മനസിലാക്കുകയാണ് അദ്ദേഹം. അധ്യാപകരെക്കാള്‍ ഉപരി അവര്‍ക്ക് അദ്ദേഹം ഒരു വഴികാട്ടിയായി മാറുകയാണ്. വ്യാജവാര്‍ത്തയില്‍ വിശ്വസിക്കുന്ന കുട്ടികളെ പറഞ്ഞു മനസിലാക്കാനും അവരെ ചിന്തിപ്പിക്കാനും പ്രാപ്തരാക്കുകയാണ് അദ്ദേഹം. സത്യമേവ ജയതേ എന്ന പരിപാടി കുട്ടികളെ വ്യാജവാര്‍ത്ത തിരിച്ചറിയാന്‍ കഴിവുള്ളവരാക്കി മാറ്റുകയാണ്.
വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ വേറിട്ട പ്രവര്‍ത്തനത്തിനെ ഇരുകൈയും നീട്ടിയാണ് സ്‌കൂളുകള്‍ സ്വീകരിച്ചത്. 150 അധ്യാപകരെയാണ് അദ്ദേഹം ഈ പരിപാടിയില്‍ അംഗമാക്കിയത്. വ്യാജ വാര്‍ത്തകളെ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കാറില്ല. അതിന് ഉത്തമ ഉദ്ദാഹരണമായിരുന്നു മീസില്‍സ്-റൂബെല്ല വാക്സിനേഷനെതിരെ വന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് കുട്ടികളെ കുത്തിവെയ്പ്പില്‍ നിന്ന് പിന്തിരിപ്പിച്ചത്.
രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനേക്കാള്‍ ഫലപ്രദമാകുന്നത് കുട്ടികളെ ബോധവാന്‍മാരാക്കുന്നതാണെന്ന് കളക്ടര്‍ തന്നെ മനസിലാക്കിയതിനാലാണ് സ്‌കൂളിലെത്തി അവര്‍ക്ക് ബോധവത്കരണം നല്‍കുന്നത്. പോലീസുകാരും കളക്ടറുടെ ഈ ഉദ്യമനത്തിന് ഫുള്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന മുപ്പത്തിയഞ്ച് പ്രസന്റേഷനാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് കൈമാറും മുമ്പ് വിവരങ്ങള്‍ സ്വയം പരിശോധിച്ച് സത്യമാണോ എന്ന് ഉറപ്പു വരുത്തുകയും സത്യം അറിയാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ് സത്യമേവ ജയതേയിലൂടെ ലക്ഷ്യമിടുന്നത്. വളര്‍ന്നു വരുന്ന തലമുറയെയാണ് ആദ്യം ബോധവത്കരിക്കേണ്ടത് എന്ന ബോധ്യം ചുറുചുറുക്കുള്ള കളക്ടര്‍ക്കുണ്ട്.