ഇത് അന്നാ ബെല്ലസ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ണൂര്‍ കക്കാട് മേരിവില്ലയിലെ നെല്‍സണ്‍-മീനാ മേരി ദമ്പതികളുടെ മകള്‍ ശില്പ. മുഴുവന്‍ പേര് ശില്പ നെല്‍സണ്‍ അക്കാ അന്നാ ബെല്ലസ്.
വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ശില്പയിപ്പോള് മൂന്ന് തൊഴിലുകള്‍ക്കൊപ്പം നെതര്‍ലന്റില്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഓഫ് മാനേജ്മെന്റ് (ഐസിഎം)ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്. ശില്പയില്നിന്നും ആന്നാ ബെല്ലസിലേക്കെത്തിയ യാത്ര നിശ്ചയ ദാര്‍ഡ്യത്തിന്റേയും വിട്ടുവീഴ്ചയില്ലാത്ത വാശിയുടേതുമാണ്.
സംസ്ഥാന കലോത്സവങ്ങളില്‍ ശില്പ തുടങ്ങിവച്ച വിജയാരവം ഇളയ സഹോരിമാരായ ശിഖയും മേഘയും തുടര്‍ന്നപ്പോള്‍ അതെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തകളായി നിറഞ്ഞുനിന്നു. സംഗീതവും സംഗീതോപകരണങ്ങളും ചിലമ്പൊലിയും മേരിവില്ലയുടെ അകത്തളങ്ങളില്‍ നിറഞ്ഞപ്പോള്‍ മൂന്നുസഹോദരിമാരും ചേര്‍ന്ന് നേടിയ കലോത്സവ സമ്മാനങ്ങളുടെ ഒഴുക്ക് വര്‍ഷങ്ങളോളമാണ് തുടര്‍ന്നത്.
ഇവരില്‍ മൂത്തവളായ ശില്പക്ക് ചെറുപ്പം മുതല്‍ ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വാശിയിലുമായിരുന്നു അവള്. തന്റെ സ്ഥിരോത്സാഹത്താല്‍ ലക്ഷ്യങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും പുതിയ ലക്ഷ്യങ്ങള്‍ കണ്ട് അതിനെ എത്തിപ്പിടിക്കാനായി വെമ്പല്‍ കൊള്ളുകയായിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇന്ത്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 സൗണ്ട് എൻജിനിയര്‍മാരില്‍ ഒരുവളായിരുന്നു ശില്പ. ഇപ്പോള്‍ ഫ്രാന്‍സിലെ യൂറോപ്യന്‍ യൂണിയന് പാര്‍ലിമെന്റ് മന്ദിരത്തിലെ സ്ഥിരസാന്നിദ്ധ്യവും. വിദേശ മാധ്യമങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം. പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള കുതിപ്പിനിടയില്‍ ഇവളുടെ ചിന്തകളൊന്നും ഗ്രഹിക്കാന്‍ കഴിയാത്തവരുടെ കൗതുകകരമായ നോട്ടങ്ങളും ന്യായവിധികളും കുശുകുശുപ്പുകളും അവള് കണ്ടില്ലെന്ന് നടിച്ചു. പ്രാഥമിക പഠനത്തിനുശേഷം ഒന്നര പതിറ്റാണ്ട് കൊണ്ട് വാശിയോടെ തന്റെ ലക്ഷ്യത്തിലെത്തിയ അവേശത്തിന്റെ അനുഭവ സാക്ഷ്യങ്ങളാണ് മുപ്പത്തിരണ്ടുകാരിയായ ശില്പക്ക് പറയാനുള്ളത്.
വിജയത്തിലേക്കെത്തിച്ച ദൃഡനിശ്ചയം
ആദ്യകാലത്ത് താമസം പിലാത്തറയിലായിരുന്നു. തലശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഠനത്തിനുശേഷം അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനിയറിംഗ് പഠിച്ചു. അതോടൊപ്പം തന്നെ മ്യൂസിക്കില്‍ ഡിഗ്രിയും എടുത്തു. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ലിറ്ററേച്ചറും പാസായി.
എന്‍ഡിടിവിയില്‍ മൂന്നര വര്‍ഷത്തോളം ഓഡിയോ എന്‍ജിനിയറായി ജോലി ചെയ്തു. പിന്നീടാണ് സ്വപ്നങ്ങളുടെ ഭാണ്ഡവുമായി നെതര്‍ലന്‍ഡിലേക്ക് യാത്രയായത്. സ്വന്തമായി ഉപരിപഠനം നടത്താന്‍ സാമ്പത്തികശേഷി അനുവദിക്കാത്തതിനാല്‍ കിട്ടാവുന്നിടത്തോളം സ്കോളര്‍ഷിപ്പിന് അപേക്ഷ നല്കി.
അതിനൊടുവിലാണ് തന്റെ സ്വപ്നമായ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഓഫ് മാനേജ്മെന്റ് (ഐസിഎം) പഠനത്തിനുള്ള സാധ്യത തെളിഞ്ഞത്. ഇപ്പോള്‍ നെതര്‍ലന്‍ഡില്‍ ഈ കോഴ്സിന്റെ പൂര്‍ത്തീകരണത്തിലൂടെ ഡോക്ടറേറ്റെടുക്കാനുള്ള ഉത്സാഹത്തിലാണ് ശില്പ.
ശില്പയെ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് പഠനത്തിലേക്ക് എത്തിച്ച വാശിയുടെ ഒരു ചരിത്രമുണ്ട്. ഫ്രാന്‍സിലെ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രവേശനം ലഭിക്കാതെവന്ന സംഭവമുണ്ടായിരുന്നു.
കുറച്ചുനേരം വിഷമിച്ച് നിന്ന ശില്പ അംഗീകാരത്തോടും സ്വാതന്ത്ര്യത്തോടും കൂടി താനിതില്‍ പ്രവേശിക്കുമെന്ന ദൃഡനിശ്ചയത്തോടെയാണ് തിരിച്ചു പോയത്. പിന്നീടാണ് പഠനത്തോടൊപ്പം യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹാത്തോടെ പ്രവര്‍ത്തിക്കുന്ന റിലേഷ്യന് യുറോപ്യന്‍ ഹാം റിഡക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന എന്‍ജിഒയില്‍ ചേരുന്നത്.
ഇതിലൂടെ ലഹരിയ്ക്കടിമകളായി അതില്‍നിന്നുള്ള മോചനം ആഗ്രഹിക്കുന്നവര്‍, ഭവനരഹിതര്‍, അനാഥത്വത്തില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കായി ശില്പ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. അതോടൊപ്പം മറ്റുജോലികള്‍ക്കും സമയം കണ്ടെത്തി.
നമ്മെ വളര്‍ത്തിക്കൊണ്ടുവന്ന സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്നുള്ള ആഗ്രഹത്തോടെയാണ് എന്‍ജിഒയുടെ പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവച്ചത്.
യൂറോപ്യന്‍ യൂണിയനാണ് ഈ എന്‍ജിഒയുടെ ഫണ്ടിംഗ് എജന്സിയെന്നതിനാല് നേരത്തെ വിലക്കേര്‍പ്പെടുത്തിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശില്പക്ക് ഇന്ന് സ്വാതന്ത്യത്തോടെ കഴിയാനുള്ള അവസരമുണ്ടായി. ഇവിടെനിന്നാണ് മാധ്യമങ്ങള്‍ക്കായി അന്നാ ബെല്ലസിന്റെ ചിന്തകള്‍ തൂലികത്തുമ്പിലെ അക്ഷരങ്ങളായി പറന്നുയരുന്നത്.
പെണ്ണുകാണല്‍ ചടങ്ങ് ഒന്നും രണ്ടുമല്ല
എഴുന്നൂറോളം പെണ്ണുകാണല്‍ ചടങ്ങിനായി നിന്ന് കൊടുത്ത ഒരു അത്യപൂര്‍വ ചരിത്രവും ശില്പക്ക് പറയാനുണ്ട്. വിവാഹ പ്രായമെത്തിയപ്പോള്‍ മുതല്‍ പെണ്ണുകാണല്‍ ചടങ്ങുകള്‍ തുടങ്ങിയതാണ്. ശില്പയ്ക്ക് ജീവിതപങ്കാളിയെ പറ്റി വ്യക്തമായ ലക്ഷ്യമുണ്ട്.
ഈ ലക്ഷ്യക്കിലേക്കുള്ള പ്രയാണമാണ് പെണ്ണുകാണല്‍ ചടങ്ങ് പരമ്പരയാകാന്‍ കാരണമായത്. നമ്മുടെ ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൊണ്ടു വരുമ്പോള്‍ ഒരുപാട് ആലോചിക്കണം. നമുക്ക് പഠിക്കാന്‍ താല്പര്യം ഉണ്ട്, ജോലിക്ക് പോകും എന്നൊക്കെ വിവാഹത്തിനുമുമ്പ് പറയുമ്പോള്‍ വരന്റെ വീട്ടുകാര്‍ വലിയ സന്തോഷത്തോടെ സമ്മതിക്കും.
പക്ഷേ വിവാഹം കഴിയുമ്പോള്‍ ഈ വാക്കുകള്‍ എല്ലാം ജലരേഖയായി മാറുന്ന സാഹചര്യം ഉണ്ടെന്ന് ശില്പ പറയുന്നു. ഇത്തരം കാര്യങ്ങളുള്‍പ്പെടുത്തി എങ്ങിനെ വിവാഹം കഴിക്കാതിരിക്കാമെന്ന വിഷയങ്ങള്‍ രസകരമായി പ്രതിപാദിക്കുന്ന ഗ്രന്ഥവും ഗോസ്റ്റിന് പറയാനുള്ളത് എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനെില്ലാമിടയില് മത്സരിച്ച് ജയിച്ച് യൂണിവേഴ്സിറ്റി ഇലക്ഷന് ബോര്‍ഡ് മെംബറായി. അറിയപ്പെടുന്ന ഗോസ്റ്റ് റൈറ്ററായി (ghost writer) മാറിക്കഴിഞ്ഞ ശില്പയുടെ തൂലികയിലൂടെ പലരുടേയും ജീവിതകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഡോക്ടറേറ്റ് നേടാനുള്ള പഠനം, എന്‍ജിഒയുടെ പ്രവര്‍ത്തനം, ഗോസ്റ്റ് റൈറ്റിംഗ്, ഗ്രന്ഥരചന, കുടുംബ ജീവിതം എന്നീ ദൗത്യങ്ങള്‍ ഒരേസമയം നിര്‍വഹിക്കാന്‍ എങ്ങിനെ കഴിയുന്നുവെന്ന ചോദ്യത്തിന് ശില്പക്ക് വ്യക്തമായ ഉത്തരവുമുണ്ട്.
മലയാളികളില്‍ പൊതുവെ കണ്ടുവരുന്ന അലസത ഒഴിവാക്കി വിദേശികളേപ്പോലെ ലക്ഷ്യബോധത്തോടും കൃത്യനിഷ്ഠയോടും ഉത്സാഹത്തോടും കൂടിയ പ്രവര്‍ത്തനം മാത്രം മതിയെന്നും ഇതിന് സമയ പരിമിതി ഒരു പ്രശ്നമേയല്ലെന്നും ശില്പ പറയുന്നു. മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ടെന്ന ചിന്തയും പരസ്പര ബഹുമാനവും പ്രധാനമാണെന്നും ജീവിതയാത്രയില്‍ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ ഇവര്‍ ഓര്‍മിപ്പിക്കുന്നു.
പിലാത്തറയില്‍ താമസിച്ചിരുന്ന ശില്പയുടെ കുടുംബം മാതാപിതാക്കളുടെ ജോലിയുടെ ആവശ്യാര്‍ഥമാണ് കണ്ണൂരിലേക്ക് താമസം മാറ്റിയത്. കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ നിന്നു വിരമിച്ച റിട്ട. എസ്ഐ നെല്‍സന്റെയും നീര്ച്ചാല് സ്കൂളിലെ പ്രധാന അധ്യാപിക മീനാ മേരിയുടെയും മകളാണ് ശില്പ. കൊല്ലം സ്വദേശിയും എൻജിനിയറുമായ ബിനോയ് സേവിയാര്‍ ആണ് ഭര്‍ത്താവ്. മകന്: ക്രിസ്റ്റോ നെല്‍സണ്‍ ഫെര്‍ണാണ്ടസ്.
പീറ്റര്‍ ഏഴിമല