സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിനെതിരേ കണ്ണൂർ പോലീസിൽ പടയൊരുക്കം. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ കൈപ്പറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എസ്പിയുടെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ആസ്ഥാനത്ത് റെയ്ഡ് നടത്തിയതിനെതിരേയാണ് പോലീസിലെ ഒരു വിഭാഗം എസ്പിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ഡിജിപിക്കും ആഭ്യന്തരവകുപ്പിനും എസ്പിക്കെതിരേ പരാതി നല്കുവാനുള്ള തയാറെടുപ്പിലാണ് പോലീസിലെ ഒരു വിഭാഗം.
തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ എആർ ക്യാന്പിൽ പരിശോധന നടത്തിയത്. എസ്പിയുടെ നടപടി പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന തരത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി എസ്പിയോട് വിശദീകരണം ചോദിച്ചേക്കും. കണ്ണൂർ റേഞ്ച് ഐജിയും റെയ്ഡിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് അസോസിയേഷൻ നേതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും ഇടപെടുന്നതായാണ് സൂചന. പോലീസുകാരുടെ ശുചിമുറിയിലടക്കം പരിശോധന നടത്തിയിരുന്നു.
പോസ്റ്റൽ ബാലറ്റുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ എആർ ക്യാന്പിൽ ശനിയാഴ്ചയായിരുന്നു മിന്നൽ പരിശോധന. ക്യാന്പിലെ ശുചിമുറികളും കെട്ടിടഭാഗങ്ങളും ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ റെയ്ഡ് വിവരം നേരത്തെ ചോർന്നു ലഭിച്ചതോടെ ഇവിടെ സൂക്ഷിച്ച ബാലറ്റുകൾ വെള്ളിയാഴ്ചതന്നെ മാറ്റിയെന്നും ആരോപണമുണ്ട്.എഎസ്പിയുടെ നേതൃത്വത്തിൽ രാത്രി എട്ടിന് ആരംഭിച്ച പരിശോധന അരമണിക്കൂറിലേറെ നീണ്ടു.