കണ്ണൂർ: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്കും കനത്ത സുരക്ഷ. കണ്ണൂരിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ചേംബർ അവാർഡ് നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ചേംബർ ഹാളിൽ എത്തിയവരെ മെറ്റൽ ഡിറ്റക്ടർ വഴിയാണ് അകത്ത് കടത്തിയത്.
കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, തളിപ്പറന്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം സിഐമാരുടെ നേതൃത്വത്തിൽ 200 ഓളം പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അവാർഡ് ദാനം നടക്കുന്ന ചേംബർ ഹാളിന്റെ പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലീസ് അനുവദിച്ചില്ല.