തലശേരി: ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ട സംഭവത്തിൽ ആശങ്ക തുടരുന്നു. ജനറൽ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വിദഗ്ധ സംഘങ്ങൾ ഇതിനകം കോടതിയിലെത്തി പരിശോധന നടത്തിക്കഴിഞ്ഞു.
മൂന്ന് സംഘങ്ങൾക്കും രോഗകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദ്യസംഘം ശേഖരിച്ച രക്ത- സ്രവ പരിശോധന ഫലം വന്നാലെ രോഗ കാരണം വ്യക്തമാകുകയുള്ളൂ. ആലപ്പു ഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുള്ള സാമ്പിളുകളുടെ പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
രോഗം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിക്കാത്തതിൽ ന്യായാധിപന്മാരും അഭിഭാഷകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ആശങ്കിയിലാണ്.
അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷണല്‍ ജില്ലാകോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത്.
ഈ മൂന്നു കോടതികളും പ്രവർത്തിക്കുന്നില്ല. നാളെ പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി അധികൃതരുമായി ആശയവിനിമയം നടത്തിയശേഷം മാത്രമേ തീരുമാനമാകുകയുള്ളൂ.
കണ്ണൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി നാളെ തലശേരി കോടതി സന്ദർശിക്കും. അതിനിടെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഓഫീസിലെ രണ്ടു ജീവനക്കാര്‍ക്കുംകൂടി അജ്ഞാത രോഗം പിടിപെട്ടു.
കഴിഞ്ഞദിവസം ശേഖരിച്ച 30 പേരുടെ രക്തവും സ്രവവുമാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുള്ളത്. രോഗത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നും ഇതുവരെ വന്നവരുടെയും പോയവരുടെയും രക്ത സാമ്പിളുകള്‍ ക്രോഡീകരിച്ച് പരിശോധിക്കുമെന്നും തുടര്‍ ദിവസങ്ങളിലും മെഡിക്കല്‍ സംഘം പരിശോധനയ്ക്കായി എത്തുമെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് അസോ. പ്രഫസര്‍ ഡോ. രജസി പറഞ്ഞു.