കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ ആറ് ദീർഘദൂര ട്രെയിനുകൾക്ക് ഷൊർണൂർ ജംഗ്ഷനിൽ പ്രവേശനമില്ല. പകരം ലിങ്ക് ലൈനിലൂടെ കടത്തിവിടാനാണ് റെയിൽവേയുടെ നീക്കം. ഇത് ഫലത്തിൽ മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയായിമാറും. ആറ് ദീർഘദൂര ട്രെയിനുകൾക്കാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷനിൽ പ്രവേശനമില്ലാതാകുന്നത്.
തിരുവനന്തപുരം -ഡൽഹി രപ്തി സാഗർ, ആലപ്പുഴ -ധൻബാദ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഡൽഹി-തിരുവനന്തപുരം രപ്തി സാഗർ, ധൻബാദ് -ആലപ്പുഴ, തിരുവനന്തപുരം-മധുര എന്നീ ആറ് ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടുന്നത്.
നേരത്തെ ഈ തീരുമാനം ഉണ്ടാകുമെന്നറിഞ്ഞപ്പോൾത്തന്നെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും റെയിൽവേ യാത്രക്കാരുടെ സംഘടനകളിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനം ചർച്ചചെയ്ത് പരിഹരിക്കാമെന്നും ദക്ഷിണ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏപ്രിൽ മുതൽ നടപ്പാക്കുന്ന പുതിയ സമയപ്പട്ടിക പ്രകാരം ആറ് ട്രെയിനുകളും ഷൊർണൂർ ജംഗ്ഷനിൽ കയറാതെ പോകണം.
ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പാലക്കാടും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. ഈ ട്രെയിനുകളിൽ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് യാത്രചെയ്യുന്നത്.
കണക്ഷൻ ട്രെയിൻ ലഭിക്കേണ്ട യാത്രക്കാർ ഒറ്റപ്പാലത്തോ വടക്കാഞ്ചേരിയിലോ വണ്ടിയിറങ്ങി കയറണമെന്നാണ് റെയിൽവേ പറയുന്നത്. ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ കിഴക്കുഭാഗത്തുകൂടി ഈ ട്രെയിനുകൾ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും.
മലബാറിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഷൊർണൂരിലെത്തിയാൽ കണക്ഷൻ ട്രെയിനായി ഉപയോഗിക്കുന്നതാണ് ആറ് ട്രെയിനുകളും. പുതിയ തീരുമാനം മലബാറിലെ യാത്രക്കാർക്ക് കടുത്ത തിരിച്ചടിയായിമാറുകയാണ്. ഷൊർണൂർ സ്റ്റേഷനെ ട്രയാംഗുലർ സ്റ്റേഷനാക്കി മാറ്റിയാൽ സമയപ്രശ്നവും സാങ്കേതികപ്രശ്നവും പരിഹരിക്കാൻ സാധിക്കും.
പാലക്കാട് വഴി തിരിഞ്ഞുവന്ന് ഷൊർണൂരിൽ കയറിപ്പോകാനുള്ള സമയമാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. ഇതു പരിഹരിക്കാനാണ് ട്രയാംഗുലർ സ്റ്റേഷൻ എന്ന ആവശ്യം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയത്. ട്രയാംഗുലർ സ്റ്റേഷനാക്കാനുള്ള സ്ഥലം റെയിൽവേയുടെ കൈവശമുണ്ട്.
മലബാർ ഭാഗത്തുനിന്ന് തിരുവനന്തപുരം, ചെന്നൈ ഭാഗത്തേക്ക് ആഴ്ചകൾക്ക് മുന്പേ റിസർവേഷൻ പൂർത്തിയാകും. തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാത്ത പലരും ഷൊർണൂരിൽനിന്ന് ട്രെയിനുകൾ മാറിക്കയറുകയാണ് ഇതുവരെ ചെയ്തുവരുന്നത്. എന്നാൽ, ഇനി ഒറ്റപ്പാലത്തേക്കും വടക്കാഞ്ചേരിയിലേക്കും പോകാതെ കണക്ഷൻ ട്രെയിൻ കിട്ടില്ലെന്ന അവസ്ഥയാണ്.
ഈ ട്രെയിനുകൾ ജംഗ്ഷനിൽ വരുമ്പോൾ ഇപ്പോൾ എൻജിൻ മാറ്റുന്നതിനും മറ്റുമായി അരമണിക്കൂറിലധികം നിർത്തിയിടുന്നത് ദീർഘദൂരയാത്രക്കാർക്കും കടുത്ത ദുരിതമാകുകയാണ്. ജംഗ്ഷനിലെ ട്രാഫിക് സംവിധാനവും താറുമാറാകുന്നുണ്ട്.
റെയിൽവേയുടെ പുതിയ ഉത്തരവ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും ബദൽ സംവിധാനത്തിന് റെയിൽവേ അധികൃതർ ശ്രമിക്കണമെന്നും റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എൻ.നമ്പ്യാരും കെ.മുഹമ്മദലിയും ആവശ്യപ്പെട്ടു. 20 വർഷത്തിലധികമായി മാറിമാറി വന്ന സർക്കാരുകൾ ട്രയാംഗുലർ സ്റ്റേഷൻ എന്ന ദീർഘനാളത്തെ ആവശ്യം പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു.