പയ്യന്നൂര്‍: സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കവേ വീണു പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന് മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48) യാണ് മരിച്ചത്.
റിസര്‍വേഷന്‍ കൗണ്ടറിലെ ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി കോയമ്പത്തൂര്‍-മംഗളൂരു ട്രെയിനില്‍ കയറുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
സ്റ്റേഷനില്‍നിന്നു പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. കൈ അറ്റുപോയ ഇയാളുടെ ശരീരത്തിലും പരിക്കുകളുണ്ടായിരുന്നു. ട്രെയിന്‍ നിര്‍ത്തിയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ പുറത്തെത്തിച്ചത്. തുടർന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ രാത്രി മരണം സംഭവിച്ചു.