കണ്ണൂർ: മംഗളൂരു-ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. സർവീസ് നിർത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂർണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. ഇന്നു രാവിലെ കണ്ണൂർ-കോയന്പത്തൂർ ഫാസ്റ്റ്, പരശുറാം, കുർള, മംഗള, ചെന്നൈ-മംഗളൂരു തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി.
ബംഗളൂരുവിൽനിന്നുള്ള യശ്വന്ത്പുര എക്സ്പ്രസും സർവീസ് തുടങ്ങിയിട്ടുണ്ട്. പരശുറാം എക്സ്പ്രസും കുർള എക്സ്പ്രസും മംഗള എക്സ്പ്രസും ഷൊർണൂർ വരെ ഓടിക്കാനാണ് നേരത്തെ റെയിൽവേ അറിയിച്ചതെങ്കിലും പരശുറാം നാഗർകോവിൽ വരെ തന്നെ സർവീസ് നടത്തും. കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്.
ട്രെയിൻ ഗതാഗത സാധാരണ നിലയിലാകുമെന്ന അറിയിപ്പ് എത്തിയതോടെ ടിക്കറ്റ് റിസർവേഷനും നേരത്തെ എടുത്ത ടിക്കറ്റുകൾ കാൻസൽ ചെയ്യാനും കൗണ്ടറുകളിൽ തിരക്കും ഏറിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിൽ സർവീസ് നടത്തിയ സ്പെഷ്യൽ പാസഞ്ചർ ട്രെയിനുകൾ ഇന്നു സർവീസുകൾ നിർത്തി. മറ്റു ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച സാഹചര്യത്തിലാണിത്.