കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ കാവിവത്കരണം നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ തടഞ്ഞു.
ഇന്നു രാവിലെ ഒന്പതോടെ കണ്ണൂർ സർവകലാശാല ആസ്ഥാനത്താണ് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്.
തലശേരി ബ്രണ്ണൻ കോളജിൽ ആരംഭിച്ച എം.എ. ഗവേർണൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്സ് സിലബസിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നെഹ്റുവിനെയും ഗാന്ധിജിയെയും അപ്രസക്തരാക്കി വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ തടഞ്ഞത്.
കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലെത്തി പ്രവർത്തകരെ നീക്കിയശേഷമാണ് വിസിയെ സർവകലാശാല ഓഫീസിലെത്തിച്ചത്.
യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.