കണ്ണൂർ: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, അന്യായമായി മൂന്നു മാസത്തെ ഇൻക്രിമെന്റ് തടഞ്ഞ നടപടി പിൻവലിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിതശാസ്ത്ര മേധാവിക്കെതിരേ നിയമാനുസൃതമായി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസഷേന്റെ നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്ത് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു.
കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മതിയായ യോഗ്യതില്ലാത്ത സിൻഡിക്കേറ്റ് അംഗങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങൾ വൈസ് ചാൻസിലർ നടപ്പിലാക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. തെറ്റു ചെയ്യുന്ന സിൻഡിക്കേറ്റിനെ നേർവഴിക്കു നടത്താനുള്ള ഉത്തരവാദിത്വമുള്ളയാളാണ് വൈസ് ചാൻസിലർ. എന്നാൽ ഇദ്ദേഹം രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവർത്തിക്കുന്നു.
പാർട്ടിക്കമ്മിറ്റിക്കാരുടെ അംഗീകരാത്തിനായി കാത്തു നിൽക്കുന്ന വിസി. കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യത്തെതാണ്. പാർട്ടി നേതാക്കളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന വിസി ആസ്ഥാനത്തിന് തന്നെ അപമാനമാണ്. ഗണിത ശാസ്ത്ര മേധാവിക്കെതിരേ മൂന്നു വിദ്യാർഥിനികൾ പരാതി നൽകിയിട്ടും അതു പരിശോധിക്കാൻ പോലും വിസി തയാറായില്ല.
പ്രതിപക്ഷ സംഘടനാ പ്രവർത്തകരെ മാധ്യമങ്ങൾക്ക് വാർത്ത നൽകിയെന്നാരോപിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നു. കണ്ണൂർ വാഴ്സിറ്റിയിൽ വേലി തന്നെ വിളവു തിന്നുകയാണ്. പീഡിപ്പിച്ച അധ്യാപകനെതിരേ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ശുചിമുറി വൃത്തിയാക്കുന്നതിനു ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി പോലും പാലിക്കാതെയാണ് വിസിയെ നിയമിച്ചത്.
അഭിമുഖം നടത്താതെയും ചട്ടങ്ങൾ പാലിക്കാതെയും അണ്ടിക്കന്പനിയിൽ ദിവസക്കൂലിക്കാരെ എടുക്കുന്നതു പോലെയാണ് വിസിയെ നിയമിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി കൊങ്ങൻ യൂണിവേഴ്സിറ്റിയായി അധപതിച്ചെന്നും സുധാകരൻ ആരോപിച്ചു. ഇ.കെ. ഹരിദാൻ, ഷാജി കരിപ്പത്ത് എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ജയൻ ചാലിൽ അധ്യക്ഷത വഹിച്ചു. കെ.പി. പ്രേമൻ, ഡോ. പി.ആർ. ബിജു, കെ. സുജില, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് എന്നിവർ പ്രസംഗിച്ചു.