പി.ടി. പ്രദീഷ്
കണ്ണൂര്: കണ്ണൂര് സര്വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കിയ വിദ്യാർഥിനികൾക്കു മാങ്ങാട്ടുപറന്പ് കാന്പസിൽ പോലീസ് ചമഞ്ഞെത്തിയയാളുടെ ഭീഷണി. കണ്ണപുരം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞെത്തിയയാൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ക്ലാസ് നടക്കുന്നതിനിടെയാണു വിദ്യാർഥിനികളെ അന്വേഷിച്ചു പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി സർവകലാശാല കാന്പസിലെത്തിയത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ഇരയാവുമെന്നു ഭയന്നാണു സംഭവം നടന്നയുടൻ പരാതി നല്കാതിരുന്നതെന്നു വിദ്യാർഥികൾ കഴിഞ്ഞ ദിവസം വൈസ്ചാൻസലർക്കു പരാതിയിൽ പറയുന്നു. വിദ്യാർഥിനികളുടെ പരാതി സർവകലാശാല അധികൃതർ പോലീസിനു കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഏഴിനു രാവിലെ 11.30 ഓടെ അധ്യാപകൻ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നല്കിയ പരാതിയ കുറിച്ച് അന്വേഷിക്കാനെന്നു പറഞ്ഞാണ് ഒരാൾ മാങ്ങാട്ടുപറന്പിലെ കാന്പസിൽ എത്തിയതെന്ന് വിദ്യാർഥിനികൾ നല്കിയ പരാതിയിൽ പറയുന്നു. ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കാനിടയായ സംഭവങ്ങളെ കുറിച്ചായിരുന്നു ഇയാളുടെ ചോദ്യങ്ങൾ. എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ടു ഗണിതശാസ്ത്രവിഭാഗം മേധാവിക്കു തന്നെ പരാതി നല്കിയില്ലെന്നും പോലീസ് ചമഞ്ഞെത്തിയയാൾ വിദ്യാർഥിനികളോടു ചോദിച്ചു. പീഡനം നടത്തിയയാൾക്കു തന്നെ എന്തിനു പരാതി നല്കണമെന്നു വിദ്യാർഥികൾ ചോദിച്ചതോടെ ഇയാൾ രോഷാകുലനായി. ഇയാളുടെ പെരുമാറ്റരീതികളിൽ സംശയം തോന്നിയ വിദ്യാർഥിനികൾ തിരിച്ചറിയൽ രേഖ കാണിക്കാൻ പറഞ്ഞെങ്കിലും അയാൾ അതിനു തയാറായില്ല. വിദ്യാർഥിനികളുടെ വീട്ടുകാരെ കുറിച്ചും അവരുടെ ജോലിയെ കുറിച്ചും വീടുകൾ സ്ഥിതിചെയ്യുന്ന യഥാർഥ സ്ഥലവും ഇയാൾ ചോദിച്ചറിഞ്ഞു. ഒടുവിൽ ഈ കേസിൽ ഗണിതശാസ്ത്ര വിഭാഗം മേധാവി മാത്രമേ വിജയിക്കുകയുള്ളൂവെന്നും നിങ്ങളുടെ കാര്യം ‘കട്ടപ്പൊക’ യാണെന്ന് ഇയാൾ പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രക്ഷിതാക്കളെ കുറിച്ചും വീടിനെ കുറിച്ചും വിശദമായി ചോദിച്ചറിയുകയും ഭീഷണി മുഴക്കുകയും ചെയ്തതു ഭയപ്പാടോടെയാണു കാണുന്നതെന്നും വിദ്യാർഥിനികൾ പറയുന്നു. ക്ലാസ് നടക്കുന്ന സമയത്ത് ആരാണു പോലീസുകാരനെന്നു പറഞ്ഞെത്തിയ വ്യക്തിക്കു കാന്പസിൽ പ്രവേശിക്കാൻ അനുമതി നല്കിയതെന്ന് അന്വേഷിക്കണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകനെതിരേ ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കിയതിനു ശേഷം അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ഞങ്ങളുള്ളത്. പരാതി നല്കിയതിനു ശേഷം ശക്തമായ സ്വാധീനമുള്ള ചിലർ ഞങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിനുശേഷം ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഞങ്ങൾ കാന്പസിലെ ക്ലാസ് മുറിയിൽ പോലും ഭീതിയിലാണെന്നും പരാതിയിൽ പറയുന്നു.
പീഡനക്കേസ് അന്വേഷണം പോലീസിന്
നേരത്തേ അധ്യാപകനെതിരേ വിദ്യാര്ഥിനികള് നല്കിയ പരാതിയില് സര്വകലാശാല അധികൃതർ നിയോഗിച്ച രണ്ടംഗസമിതി അന്വേഷണം നടത്തുകയും അധ്യാപകന് കുറ്റക്കാരാനാണെന്നു വ്യക്തമാക്കുന്ന റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിരുന്നു. ആരോപണവിധേയനായ വകുപ്പ് മേധാവിയെ മാറ്റിനിര്ത്തി അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സർവകലാശാല സിൻഡിക്കേറ്റ് പോലീസിനു കൈമാറുകയായിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നു കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസ് പോലീസിനു കൈമാറിയത് അധ്യാപകനെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനാണെന്നുമാണു സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം.
ആദ്യ പരാതി ഇങ്ങനെ
ഗണിതശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ചചെയ്യാനെന്നു പറഞ്ഞു മുറിയിലേക്കു വിളിപ്പിച്ചു വകുപ്പ് മേധാവി ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഡിസംബര് 28 നാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഓരോരുത്തരേയും മുറിയിലേക്കു വിളിപ്പിച്ചാണ് അപമാനിച്ചത്. ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി സംഭവം നടന്നയുടന് വിദ്യാര്ഥിനികള് പേരുവയ്ക്കാതെ വൈസ് ചാന്സിലര്ക്കു പരാതി നല്കി. എന്നാല് ഊമക്കത്തിനുമേൽ നടപടിയെടുക്കാൻ വൈസ് ചാൻസലർ മടിച്ചു. ഇതോടെ വിദ്യാര്ഥിനികള് വിദ്യാഭ്യാസമന്ത്രിക്കും ഗവര്ണര്ക്കും പേരുവച്ചു പരാതി നല്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് സർവകലാശാല രജിസ്ട്രാറോടു റിപ്പോര്ട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നായിരുന്നു രണ്ടംഗ അന്വേഷണസംഘത്തെ നിയോഗിച്ചത്. അതേസമയം പെണ്കുട്ടികളുടെ പരാതി കള്ളമാണെന്ന നിലപാടിലാണ് ആരോപണ വിധേയനായ അധ്യാപകൻ. തനിക്കെതിരേ നടന്ന ഗൂഢാലോചനയുടെ ഭാഗമാണു പരാതിയെന്നും തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും അധ്യാപകന് ആരോപിക്കുന്നു.