കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ കണ്ണൂർ അർബൻ നിധിയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ആന്റണി സണ്ണിയെ ക്രൈംബ്രാഞ്ച് കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും.
കണ്ണൂർ അർബൻ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറായ ആന്റണി സണ്ണിയെ ഇന്നലെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ചെന്നെയിലും ബംഗളൂരിലും ഒളിച്ചു താമസിച്ചു പോന്നിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
90 ലോറികളുടെ ഉടമ; പണംനിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിലും ട്രാൻസ്പോർട്ടേഷൻ മേഖലയിലും
കണ്ണൂർ: അറസ്റ്റിലായ ആന്റണി സണ്ണി കണ്ണൂർ അർബൻ നിധിയിൽ നിന്നും വെട്ടിച്ച പണം പ്രധാനമായും നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് ബിസിനസിലും ചരക്കുനീക്ക മേഖലയിലെന്നുമെന്നു സൂചന.
ഗുരുവായൂർ ഉൾപ്പെടെയുള്ള സ്ഥലത്ത് പ്രതിക്ക് റിസോർട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ട്രാൻസ്പോർട്ടേഷൻ മേഖല എന്നിവിടങ്ങളിൽ ബിനാമികളെ വച്ചും പ്രവർത്തിച്ചതായും സൂചനയുണ്ട്.
തമിഴ്നാടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇയാൾക്ക് 90 ലോറികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാം ഇയാളുടെ പേരിൽ തന്നെയുള്ളവയാണോ എന്ന് പരിശോധിച്ചു വരികയാണ്.
തന്റെ പേരിൽ തമിഴ്നാട്ടിൽ ഏതാനും ലോറികളുണ്ടെന്നും ഇവയെല്ലാം കട്ടപ്പുറത്താണെന്നുമാണ് ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകിയത്.
ചരക്കു നീക്കം, റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവ കൂടാതെ മറ്റ് ഏതെല്ലാം മേഖലകളിലാണ് നിക്ഷേപമുള്ളതെന്നും ബിനാമികൾ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.