കണ്ണൂർ: കണ്ണൂർ കളക്ടറേറ്റ് കൺട്രോൾ റൂം നിറയെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു. മലയോരമേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലിൽ ജീവിതത്തിൽ ഇതുവരെയുള്ള സന്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കുവേണ്ടിയാണ് പൊതുജനങ്ങൾ മുന്നിട്ടിറങ്ങിയത്.
കലിയടങ്ങാത്ത പേമാരി ദുരന്തം വിതച്ചവർക്ക് സാന്ത്വനങ്ങളുടെ കൈത്താങ്ങായി നാട് ഒരുമിക്കുന്ന കാഴ്ചയാണ് ഇവിടെ. ഇതിനകം രണ്ടു ലോഡ് സാധനങ്ങൾ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുപോയി. ഇവിടങ്ങളിലെ ക്യാന്പുകളിൽ നൂറിലധികം കുടുംബങ്ങളാണ് കഴിയുന്നത്. തഹസിൽദാർമാരാണ് സാധനങ്ങൾ വേർതിരിച്ച് ലിസ്റ്റുണ്ടാക്കി ആവശ്യക്കാർക്ക് നൽകുന്നത്.
സാധനങ്ങൾ ബാക്കിയുണ്ടെങ്കിൽ ആദിവാസി കോളനികളിൽ നൽകാനാണ് തീരുമാനം. വസ്ത്രങ്ങൾ, ബിസ്കറ്റ്,പാക്കറ്റ് ചെയ്ത ഭക്ഷ്യധാന്യങ്ങൾ, പേസ്റ്റ്, ബ്രഷ്, കുപ്പിവെള്ളം, പാത്രങ്ങൾ, ബക്കറ്റ് എന്നിവയെല്ലാം എത്തിച്ചിട്ടുണ്ട്.
കൂടാതെ അരി, പയർ, ആട്ട, കടല എന്നിവയും ചാക്കുകണക്കിന് എത്തി. വ്യക്തികളും ട്രസ്റ്റുകളും ക്ലബുകളും പ്രവാസി സംഘടനകളുമെല്ലാം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി കളക്ടറേറ്റ് കൺട്രോൾ റൂമിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വാഹനങ്ങളിൽ സ്വമേധയാ ഭക്ഷ്യഉത്ന്നങ്ങളുമായി ഇന്നലെ രാവിലെമുതൽ രാത്രി വൈകുംവരെ കൺട്രോൾ റൂമിൽ എത്തിക്കൊണ്ടിരുന്നു. സാധനങ്ങളും മറ്റും എവിടെ എത്തിക്കണമെന്ന ചോദ്യവുമായി സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി കളക്ടറേറ്റ് കൺട്രോൾ റൂമിലേക്ക് ഫോൺവിളികൾ രാപ്പകൽ വ്യത്യാസമില്ലാതെ എത്തുന്നുണ്ട്.
പ്രളയക്കെടുതി നേരിടാൻ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ച് കളക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ട്വീറ്റും ജനങ്ങളിൽ നല്ല പ്രതികരണമാണുണ്ടാക്കിയത്.സാന്ത്വനമായി വിജയ് ഫാൻസും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് സാന്ത്വനമായി വിജയ് ഫാൻസും. ഇന്നലെ രാവിലെ 11 ഓടെയാണ് പെൺകുട്ടികളടങ്ങുന്ന ഇരുപതംഗ സംഘം കളക്ടറേറ്റ് കൺട്രോൾ റൂമിൽ സാധനങ്ങളുമായി എത്തിയത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, കുപ്പിവെള്ളം, ബിസ്കറ്റുകൾ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവയടങ്ങുന്ന വലിയ പെട്ടിയിലാണ് സാധനങ്ങൾ എത്തിച്ചുനൽകിയത്. വിജയ് മക്കൾ എന്നപേരിൽ നടൻ വിജയ് ഫാൻസ് എന്ന് കൺട്രോൾറൂം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു. കണ്ണൂരിലെ പ്രസ്ത ഗായികയും കൺട്രോൾ റൂമിലെത്തി ഭക്ഷ്യവസ്തുക്കൾ കൈമാറി. ഹോർലിക്സും മറ്റു ഭക്ഷ്യസാധനങ്ങളുമാണ് ഇവർ നൽകിയത്.