കണ്ണൂർ: വനിതാ മതിലിനു നേരെ കണ്ണൂരിൽ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതോടെ ഇന്നു രാത്രി മുതൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ പോലീസിനു നിർദേശം. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരാണ് വനിതാ മതിൽ കടന്നു പോകുന്ന മേഖലകളിൽ സുരക്ഷ ഒരുക്കുന്നത്.
കണ്ണൂരിൽ കാലിക്കടവ് മുതൽ പൂഴിത്തല വരെയുള്ള 82 കിലോമീറ്ററാണ് വനിതാ മതിൽ തീർക്കുന്നത്. പയ്യന്നൂർ, തളിപ്പറന്പ്, കണ്ണൂർ, തലശേരി, മാഹി തുടങ്ങിയ സ്ഥലങ്ങളിലാണ് വനിതാമതിൽ ഒരുക്കുന്നത്. പയ്യന്നൂരിലും, തലശേരിയിലുമാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള അയ്യപ്പ ജ്യോതിക്ക് പയ്യന്നൂർ മേഖലയിൽ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് സായുധ സേനയേയും തലശേരി, പയ്യന്നൂർ മേഖലകളിൽ വിന്യസിക്കും.