സ്വന്തം ലേഖകൻ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കണ്ണൂർ വിസി കോടതിയിലേക്ക്.
ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരേയാണ് കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് നാളെ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെയാണ് വിസി കോടതിയെ സമീപിക്കുന്നത്.
കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിണ്ടിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം.
നിയമനം മരവിപ്പിച്ചതോടൊപ്പം കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും നിയമന നടപടികൾക്കു മേൽനോട്ടം വഹിച്ചവർക്കും അടക്കം കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകിയിരുന്നു.
ഇതിന് നാളെ വിശദീകരണം നല്‍കുമെന്നാണ് വിസി പറഞ്ഞത്.വൈസ് ചാൻസലർക്കും നിയമന നടപടിയുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ അടക്കമുള്ള എല്ലാവർക്കുമെതിരേ സ്വീകരിക്കേണ്ട അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
ഗവർണറെ ചൊടിപ്പിച്ചത്
അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രഖ്യാപിച്ചതാണു ഗവർണറെ ചൊടിപ്പിച്ചത്.
ഇതിനു പിന്നാലെയാണു നിയമന നടപടികൾ സ്റ്റേ ചെയ്തു കൊണ്ടുള്ള അസാധാരണ നടപടി ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത്. കണ്ണൂർ സർവകലാശാലാ ചട്ടത്തിലെ 7(3) വകുപ്പ് അനുസരിച്ചായിരുന്നു ഗവർണറുടെ നടപടി. .
വൈസ് ചാൻസലർ നിയമനത്തിനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചതിന്റെ അടുത്ത ദിവസമാണു സർക്കാരിനെ സമ്മർദത്തിലാക്കി ഗവർണറുടെ തുടർനീക്കമെന്നതും ശ്രദ്ധേയമായി.
ഹിയറിംഗ് നടത്തി റാങ്ക് പട്ടിക റദ്ദാക്കുന്ന നടപടികളിലേക്ക് ഇനി ഗവർണർ കടക്കും. 24നു ഗവർണർ മടങ്ങിയെത്തിയ ശേഷമാകും തുടർ നടപടി സ്വീകരിക്കുക.
സർവകലാശാലാ നിയമം അനുസരിച്ച് സിൻഡിക്കറ്റ് അംഗീകരിച്ച റാങ്ക് പട്ടിക റദ്ദാക്കാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർക്കാണ്.
അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി.
പരാതി
10 പേർ അപേക്ഷിച്ചപ്പോൾ ആറുപേരെ ഓണ്‍ലൈൻ ഇന്റർവ്യൂവിനു ക്ഷണിച്ചു. ഇന്റർവ്യൂ ബോർഡ് കൂടുതൽ മാർക്ക് നൽകിയതു പ്രിയ വർഗീസിനായിരുന്നു.
പ്രിയയ്ക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്നു പരാതി ഉയർന്നപ്പോൾ, ഇവർ സർവീസിലിരിക്കെ ഗവേഷണത്തിനു പോയ കാലം അധ്യാപനപരിചയമായി കണക്കാക്കിയായിരുന്നു നടപടി.
റിസർച്ച് സ്കോറിൽ ഏറെ മുന്നിലുള്ളവരുണ്ടായിട്ടും അവരെ മറികടന്ന് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനെയാണ് ഗവർണർ എതിർത്തത്.