ഡൽഹി : കണ്ണൂർ വൈസ് ചാൻസലറെ കടന്നാക്രമിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സർവകലാശാലകളെ രാഷ്്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്്ട്രീയ ഇടപെടലിൽ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി.
താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്.
നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു.
കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.
സർവകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുകയാണെന്ന് വ്യക്തമാണ്.
കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ കണ്ണൂർ വൈസ് ചാൻസലർക്ക് എതിരെ നടപടിയിലേക്കാണ് ഗവർണർ നീങ്ങുന്നത്.
വിസിക്ക് ഷോ കോസ് നോട്ടീസ് നൽകിയ ശേഷം, നടപടിയിലേക്ക് പോകാനാണ് തീരുമാനം. നിയമനം സ്റ്റേ ചെയ്തതിനെതിരെ സർവകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്.
വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.