കണ്ണൂർ: പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂര്‍ സര്‍വകലാശാല ഉടൻ അപ്പീൽ നൽകില്ല. നിയമോപദേശം തേടിയ ശേഷം മാത്രം അപ്പീൽ നല്കിയാൽ മതിയെന്നാണ് തീരുമാനം. കോടതി കണ്ടെത്തിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉടൻ സിൻഡിക്കറ്റ് യോഗം ചേരും.
പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ പുനഃപരിശോധിച്ച് നിലവിലെ റാങ്ക് ലിസ്റ്റില്‍ അവര്‍ തുടരേണ്ടതുണ്ടോയെന്നു സര്‍വകലാശാല തീരുമാനമെടുക്കണമെന്നും ഇതിനുള്ള അന്വേഷണം പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പരിഷ്കരിച്ചു നിയമനനടപടികള്‍ തുടരാമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളും സിൻഡിക്കറ്റ് ചർച്ച ചെയ്യും.കണ്ണൂർ സർവകലാശാലയിൽ ആസ്ഥാനത്തെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചിരുന്നു.
സംയോജിത ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവച്ചത്. വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും:കണ്ണൂർ വിസി
കണ്ണൂർ: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമന പട്ടികയിൽ മാറ്റം വരുത്തി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമെന്ന് കണ്ണൂർ യൂണിവേഴിസിറ്റി വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയ വർഗീസിന്റെ നിയമന ഉത്തരവിൽ കോടതി വിധിക്കെതിരേ അപ്പീൽ നൽകില്ല.കോടതി പറയുന്നതു പോലെ നീങ്ങും. അപ്പീൽ നൽകുന്നതിന് പണ ചെലവുണ്ട്.
യോഗ്യത സംബന്ധിച്ച് യുജിസിയോട് വിശദീകരണം തേടും. യുജിസിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിധി പകർപ്പ് ഇതുവരെ കിട്ടിയില്ലെന്നും വിസി പറഞ്ഞു.