തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്ന പരാമർശത്തോടെ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയതിനു പിന്നാലെ സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നിലവിലെ വിസിയെ പുറത്താക്കി മണിക്കൂറുകൾക്കുള്ളിൽ ഗവർണർ താത്കാലിക വിസിയെ നിയമിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം ഒന്നും ചോദിച്ചിട്ടില്ല.
സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ളവയിൽ വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ സർക്കാരിന്റെ കൂടി അഭിപ്രായം തേടിയായിരുന്നു ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വിസിക്ക് ടെക്നിക്കൽ സർവകലാശാലയുടെ കൂടി അധിക ചുമതല നല്കിയത്.
എന്നാൽ കണ്ണൂർ വിസി പുനർനിയമനകേസിൽ ഗവർണർക്കെതിരേയും സുപ്രീം കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ താത്കാലിക വി.സിയായി പ്രഫ. ബിജോയ് നന്ദനെ സ്വന്തമായ നിലയിൽ ഗവർണർ തീരുമാനിച്ചത്.
കുസാറ്റിലെ പ്രഫസറായ ബിജോയ് ഇന്ന് ചുമതല ഏല്ക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉൾപ്പെടെയുള്ള സമ്മർദം മൂലമാണ് ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നല്കിയതെന്നു ഗവർണർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതോടെ പുതിയ താത്കാലിക വിസി നിയമനത്തിൽ ഉൾപ്പെടെ ഇടപെടാൻ കഴിയാത്ത അവസ്ഥയിലായി സംസ്ഥാന സർക്കാരും. ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഇടപെടുന്നുവെന്ന് ഗവർണർ കോടതിയിൽ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി ഈ വിഷയത്തിൽ ഇടപെടാൻ സർക്കാരിനും പരിമിതിയുണ്ട്.