പെരിങ്ങോം(കണ്ണൂർ): മാതമംഗലത്ത് കയറ്റിയിറക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും കൈയ്യാങ്കളിയിലും നാലുപേര്‍ക്ക് പരിക്ക്. കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മാതമംഗലത്ത് പേരൂല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് ചുമട്ടു തൊഴിലാളികളും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
സംഭവത്തില്‍ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരായ മാണിയൂര്‍ റബിമുഹമ്മദ് (34), സഹോദരന് റാഫി (24)എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലും സിഐടിയു ചുമട്ട് തൊഴിലാളികളായ പേരൂലിലെ എം.വി. രാജേഷ് (44), മാതമംഗലത്തെ എന്‍. പ്രജീഷ് (29) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ചുമട്ടു തൊഴിലാളികളുള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസെടുത്തതായി പെരിങ്ങോം പോലീസ് പറഞ്ഞു.
ഒരാഴ്ചമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനുള്ള ഹൈക്കോടതി അനുമതി കടയുടമ നേടിയിരുന്നു.
എന്നിട്ടും സാധനങ്ങള്‍ ഇറക്കുന്നതിനെ ചുമട്ടുതൊഴിലാളികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ കടയുടമ പരാതിയും നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കോടതി ഉത്തരവിന്റെ വിവരങ്ങള്‍ പോലീസ് ചുമട്ടുതൊഴിലാളികളെ അറിയിച്ചിരുന്നതുമാണ്.
ഇതിനിടയിലാണ് ഇന്നലെ കടയിലേക്ക് പൈപ്പിറക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തത്.
തങ്ങളുടെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തുവാനാണ് തൊഴിലാളികളെത്തിയതെന്ന് യൂണിയന് നേതാക്കള്‍ പറയുന്നു.
കടയിലെ തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റ് പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.