മട്ടന്നൂർ: വിമാനത്താവളത്തിൽ ജോലി നൽകാമെന്നു പറഞ്ഞു ലക്ഷങ്ങൾ വാങ്ങിയ കരാറുകാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്ത് മാർച്ച് നടത്തി. ഇന്നു രാവിലെ പത്തോടെയാണ് വിമാനത്താവള നിർമാണ കമ്പനിയായ എൽ ആൻഡ് ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
വിമാനത്താവളത്തിൽ ജോലി നൽകാമെന്നു പറഞ്ഞു നിർമാണ പ്രവൃത്തിയുടെ സബ് എടുത്ത കരാറുകാരൻ ലക്ഷങ്ങൾ വാങ്ങിയതായി പറയുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നു പണം നൽകിയ ആൾ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പണം വാങ്ങിയ കരാറുകാരനെപുറത്താക്കണമെ ന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ നേതാക്കൾ കഴിഞ്ഞ ദിവസം എൽആൻഡ് ടി കമ്പനി ഉദ്യോഗസ്ഥരെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് മാർച്ച് നടത്തിയത്. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.
അഴിമതിക്കാരെ പുറത്താക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു സനോജ് പറഞ്ഞു. കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു. പി.പ്രസാദ്, പി.കെ.സജീവൻ എന്നിവർ പ്രസംഗിച്ചു. ഡിവൈഎഫ് ഐ നേതാക്കൾ എൽ ആൻഡ് ടി കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ കരാറുകാരനെ പുറത്താക്കാമെന്നു ഉറപ്പു നൽകിയതായി നേതാക്കൾ പിന്നീട് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂർ എസ് ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.