ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വിവാഹം പോലുള്ള ആഘോഷങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കൊണ്ടാടണമെന്ന് ചിന്തിക്കുന്നവരാണധികവും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഓരോരുത്തരും എക്കാലവും തങ്ങളെ അനുസ്മരിക്കുന്ന രീതിയിലുള്ള തികച്ചും വ്യത്യസ്തമായ ആഘോഷം.
സമാനമായ രീതിയില്‍ കണ്ണൂര്‍ ജില്ലയിലെ കരിയാട് എന്ന സ്ഥലത്ത് നടന്ന വിവാഹവും ഏറെ ശ്രദ്ധേയമാവുകയുണ്ടായി. എന്‍.കെ.ബാലന്റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്റെ മകന് രഞ്ജിത്തിന്റെയും വിവാഹമായിരുന്നു അത്.
കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകളുടെ അവസാനം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ബിഎസ്എന്‍എല്ലിന്റെ സൗജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമുമാണ് ആതിഥേയര്‍ സമ്മാനിച്ചത്. ബി.എസ്.എന്‍.എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനായ വധുവിന്റെ അച്ഛന് എന്‍.കെ ബാലന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു സമ്മാന വിതരണം നടന്നത്.
35 വര്‍ഷമായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ് ബാലന്. വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്ന തന്നെ എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൗജന്യ സിം വില്‍പ്പന നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ സല്‍ക്കാരത്തിനെത്തിയവരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.