വിവാഹത്തിനായി എത്താമെന്ന് പറഞ്ഞ വരനെ കാണാത്തതിനെ തുടർന്ന് വധുവും ബന്ധുക്കളും പോലീസിന്റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് ഇന്നലെ കേളകം പോലീസിൽ സഹായ അഭ്യർഥനയുമായി എത്തിയത്.
ബുധനാഴ്ച രാവിലെ 10 ന് ചോനാട് അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാം എന്നാണ് വരൻ യുവതിയെയും ബന്ധുക്കളെയും അറിയിച്ചത്. ഇതിനെ തുടർന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തിൽ എത്തി.
പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ലഭിക്കാത്തതിനെത്തുടർന്നാണ് സ്വദേശം എന്ന് യുവതിയെധരിപ്പിച്ചിരുന്ന കേളകത്ത് യുവതിയും ബന്ധുക്കളും എത്തിയത്.
യുവാവിന്റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് തൊണ്ടിയിൽ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി.
ഈ സമയത്ത് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താൻ സാധിക്കു എന്നും പിതാവിനെ സുഖമില്ലാത്തതിനാൽ അടിയന്തരമായി ആശുപത്രിയിൽ പോകേണ്ടിവന്നുവെന്നും യുവതിയെ ധരിപ്പിച്ചു.
പോലീസിന്റെ തുടർ അന്വേഷണത്തിൽ വരനായ ജോബിഷ് വിവാഹിതനാണെന്നും ബംഗളൂരുവിലാണ് താമസമെന്നും കണ്ടെത്തി. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതിയും ബന്ധുക്കളും കോടതി മുഖേന പരാതിപ്പെടാൻ ഒരുങ്ങുകയാണ്.