കണ്ണൂർ: കണ്ണൂരിൽ ഐഎസുമായി ബന്ധപ്പെട്ട് താണയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ എൻ
ഐഎ നോട്ടീസ് നൽകിയ യുവതിയുടെയും യുവാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ യുവതി സിറിയയിലേക്ക് ഐഎസിൽ ചേരാൻ പോകുന്നതിനിടെ ടെഹ്റാൻ എയർപോർട്ടിൽ വച്ച് ഇറാഖ് സൈന്യം പിടികൂടി തിരികെ ഇന്ത്യയിലേക്ക് അയച്ചതാണ്.
ഇവർ കണ്ണൂരിൽ താമസിച്ച് കേരളത്തിലടക്കം ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്റാണെന്നാണ് എൻഐഎ പറയുന്നത്.
ഇവരുടെ ഒപ്പം അറസ്റ്റിലായ പത്തൊന്പതുകാരൻ യുവാവിൽ നിന്ന് കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ച് നിർണായകമായ വിവരങ്ങളാണ് എൻഐഎക്ക് ലഭിച്ചത്.
സിറിയയിലേക്ക് ഈ നാലുപേരും അടുത്ത ദിവസം കടക്കാനിരിക്കെയാണ് എൻഐഎ റെയ്ഡ് നടത്തി രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി ഇവർ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്യാൻ ശ്രമം നടത്തിയെന്നാണ് എൻഐഎ പറയുന്നത്.
ഇവരുടെ താണയിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.