തലശേരി: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനുള്ളിൽ വച്ചു യുവതിയെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവു കൂടി അനുവദിക്കണം. കോഴിക്കോട് സ്വദേശിനിയായ പാത്തു(35) കൊല്ലപ്പെട്ട കേസിലാണു തമിഴ്നാട് സ്വദേശി സുരേഷ് കണ്ണനെ (29) അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ജീവപര്യന്തം ശിക്ഷിച്ചത്.
ഒരുലക്ഷം രൂപ പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യ കൊല്ലപ്പെട്ട പാത്തുവിന്റെ മകനും കേസിലെ രണ്ടാം സാക്ഷിയുമായ കുട്ടിക്കു നൽകാനും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേ ആക്ട് 151 പ്രകാരം ഒരു വർഷം തടവിനും കോടതി പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
ട്രെയിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുര്‍ന്നുള്ള തീ പിടുത്തത്തിലാണു പാത്തു പൊള്ളലേറ്റു മരിച്ചതെന്നും റെയില്‍വേയുടെ അനാസ്ഥ കാരണമുണ്ടായ അപകടം മറച്ചുവയ്ക്കാനാണു കേസില്‍ നിരപരാധിയെ പ്രതിയാക്കിയതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ പാത്തു ഇരുന്ന സീറ്റുള്‍പ്പെടെ മൂന്നു സീറ്റ് മാത്രമാണു കത്തിയിട്ടുളളത്. മാത്രവുമല്ല പെട്രോളിന്റെ സാന്നിധ്യം ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. പാത്തുവിന്റെ ശരീരത്തിലും പെട്രോളിന്റെ അംശം കണ്ടെത്തിയിരുന്നു.
പ്രതിയുടെ മുടിയും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. പ്രതി പെട്രോള്‍ വാങ്ങുന്നതും പ്രതി ഇറങ്ങി ഓടുന്നതും പ്രതിയേയും പാത്തുവിനേയും ഒരുമിച്ചു സ്റ്റേഷനില്‍ ഒന്നിച്ചു കണ്ടതിനും ദൃക്സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജറായ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് കോടതിയില്‍ പറഞ്ഞു.
സംഭവസമയത്തു കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കെ.കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള 37 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും 35 രേഖകളും ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രനാണ് ഹാജരായത്. മംഗലാപുരത്തേക്കു വിളിച്ചിട്ടു വരാത്തതിന്റെ ദേഷ്യത്തില്‍ പാത്തുവിന്റെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതു താനാണെന്നും കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി തനിക്കു മൊഴി നല്‍കിയതായി മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു. അപൂര്‍വം കേസുകളിലാണ് ഇത്തരത്തില്‍ പ്രതി മജിസ്ട്രേറ്റ് മുമ്പാകെ കുറ്റ സമ്മതമൊഴി നല്‍കാറുള്ളത്.
2014 ഒക്ടോബര്‍ 20 ന് പുലർച്ചെ 4.30 നാണു കേസിനാസ്പദമായ സംഭവം. നേരത്തെ പരിചയക്കാരായിരുന്നു സുരേഷും പാത്തുവും തലേദിവസം കോഴിക്കോട് നിന്നും മംഗലാപുരത്തേക്കു പുറപ്പെടുകയും ഇരുവരും കണ്ണൂരില്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്നു മംഗലാപുരത്തേക്കു പോകാന്‍ പാത്തു വിസമ്മതിക്കുകയുമായിരുന്നു.
ഇതിനടിയില്‍ പാത്തു റെയില്‍വെ സ്റ്റേഷനില്‍വച്ചു മറ്റു രണ്ടു പേരോടു സംസാരിക്കുന്നതു സുരേഷ് കാണുകയും ചെയ്തു. രാത്രിയില്‍ മില്‍മ ബൂത്തില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങുകയും കുപ്പിയില്‍ നിന്നും വെള്ളമൊഴിച്ചു കളഞ്ഞ ശേഷം തൊട്ടടുത്തു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി കൊണ്ടുവരികയും ചെയ്തു.
പെട്രോളുമായി പാത്തുവിനെ അന്വേഷിച്ചിറങ്ങിയ സുരേഷ് കണ്ണൂര്‍-ആലപ്പുഴ എക്സികുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ ഇരിക്കുകയായിരുന്ന പാത്തുവിനെ കണ്ടെത്തുകയും ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ പാത്തു ദേഹത്ത് ആളിപ്പടരുന്ന തീയുമായി പുറത്തേക്ക് ഓടി വീഴുകയായിരുന്നു. ഓടിക്കൂടിയ ജനങ്ങള്‍ പാത്തുവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ പാത്തു തന്റെ ദേഹത്ത് ഒരാള്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു പോലീസിനോടു പറഞ്ഞിരുന്നു. പ്രതിയുടെ പേര് പാത്തു പോലീസിനോടു പറഞ്ഞിരുന്നില്ല. സംഭവസമയത്തു റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവരുടെ സഹായത്തോടെ പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും ഊര്‍ജിതമായ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2015 ജനുവരി 23 സിഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കുറ്റപത്രം സമര്‍പ്പിച്ചത്.