ഇരിട്ടി: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശോധനയിൽ ഉഗ്രവിഷമുള്ള അണലിയെ പിടികൂടി.
പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്കൂളിലെ ക്ലാസ് മുറിയോടു ചേർന്ന് ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അണലിയെ പിടികൂടിയത്.
ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പരിശോധിക്കുന്നതിനിടയിലാണ് കൂറ്റൻ അണലിയെ ഇവർ കണ്ടെത്തിയത്.
ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ ഉൾപ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂ വോളണ്ടിയർമാർ പറഞ്ഞു.
മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദർശ് മട്ടന്നൂർ, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാർ, അജയ് മാണിയൂർ, എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്കൂളുകളിൽ പരിശോധന നടത്തിയത്.