മട്ടന്നൂർ: കണ്ണൂർ രാജ്യാന്ത വിമാനത്താവളത്തിൽ ബുധനാഴ്ച മുതൽ സന്ദർശകർക്കു നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. 10, 11 തീയതികളിൽ കീഴല്ലൂർ പഞ്ചായത്തിലെയും മട്ടന്നൂർ നഗരസഭയിലെയും ആളുകൾക്കും 12ന് സ്കൂൾ വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നു കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാൽ എട്ട്, ഒമ്പത് തീയതികളിൽ വിമാനത്താവളത്തിൽ പ്രവേശനം നിർത്തിവച്ചിരുന്നു. സന്ദർശനം അനുവദിച്ച അഞ്ചു മുതൽ നിയന്ത്രണാതീതമായ ജനത്തിരക്കാണു വിമാനത്താവളത്തിലുണ്ടായത്. മട്ടന്നൂരിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്