നവാസ് മേത്തർ
തലശേരി: കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ.
സുഗന്ധ ദ്രവ്യങ്ങൾ ബാഗിലുണ്ടെങ്കിൽ കുരുക്ക്… പോക്കറ്റിൽ മൗണ്ട് ബ്ലാങ്ക് പെൻ ഉണ്ടെങ്കിൽ കുരുക്ക് പറയുകയും വേ ണ്ട…
സംശയങ്ങൾ ചോദിച്ചാൽ മറുപടിയായി ലഭിക്കുന്നത് ഗൗരവത്തിലുള്ള ഒരു നോട്ടം…കൊണ്ടുവരുന്ന ബാഗേജുകളിൽ അപായ ചിഹ്നം പതിച്ചും പരിശോധനകളുടെ വേലിക്കെട്ടുകൾ തീർത്തും അധികൃതർ.
കണ്ണൂർ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്ര പേടി സ്വപ്നമായി മാറുകയാണെന്നാണ് പ്രവാസികൾ ആരോപിക്കുന്നത്. സുരക്ഷാ പരിശോധന സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.
യുവ വ്യവസായി നേരിട്ടത്…
ബാഗിൽ പെർഫ്യൂം ഉണ്ടെന്ന കാരണത്താൽ ദുബായിലെ യുവ വ്യവസായിക്ക് കണ്ണൂർ വിമാനത്താവളത്തിൽ ദുരിതങ്ങളുടെ പെരുമഴയാണ് ലഭിച്ചത്.
ഇന്നലെ രാവിലെ യുഎഇയിലേക്ക് പോകാനെത്തിയ വ്യവസായിക്കാണ് ദുരിതങ്ങൾ നേരിടേണ്ടി വന്നത്.
എമിഗ്രേഷനും സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ ശേഷമാണ് ബാഗേജും ലാപ് ടോപ് അടങ്ങിയ ഹാൻഡ് ബാഗും ഉൾപ്പെടെ ഒന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന് അധികൃതർ യാത്രക്കാരനെ അറിയിക്കുന്നത്.
“നിങ്ങളുടെ ലാപ് ടോപ്പ്, ഹാൻഡ് ബാഗ് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ വെച്ചിട്ട് പോകണം എന്ന നിർദ്ദേശമാണ് യുവ വ്യവസായിക്ക് ലഭിച്ചത്.
ദുബായിയിൽ എത്തി പിറ്റേ ദിവസം യൂറോപ്പിലേക്ക് പോകേണ്ട യുവ വ്യവസായിക്കാണ് എല്ലാം ഇവിടെ ഉപേക്ഷിച്ചാലേ യാത്ര പറ്റൂ എന്ന നിർദ്ദേശം ലഭിക്കുന്നത്…
കൊണ്ടു പോകാൻ അനുമതി ഉള്ളത് പാസ്പോർട്ടിനും ബോർഡിംഗ് പാസിനും മാത്രം. ഗൗരവത്തോടെ കനത്ത ശബ്ദത്തിലുള്ള ഈ ആജ്ഞ കേട്ട് ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യവസായി അന്തം വിട്ടു.
ബാഗുൾപ്പെടെയുള്ള തന്റെ വസ്തുക്കൾ തനിക്കെങ്ങനെ തിരിച്ച് ലഭിക്കുമെന്ന ചോദ്യത്തിന് അത് ഇവിടെ ഏതെങ്കിലും യാത്രക്കാരെ ഏൽപ്പിക്കൂ,
വേറൊന്നും ഞങ്ങൾക്കറിയില്ല എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും ദുബായിയിൽ ജനിച്ചു വളർന്ന തനിക്ക് കണ്ണൂർ വിമാനത്താവളത്തിൽഏത് യാത്രക്കാരനെയാണ് ബാഗ് ഏൽപ്പിക്കാൻ സാധിക്കുക എന്നു പോലും അവർ ചിന്തിച്ചില്ല …
ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും യുവ വ്യവസായി രാഷ്ട്രദീപികയോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഇതേ ബാഗേജുമായി കണ്ണൂർ എയർപോർട്ടിലിറങ്ങിയ യുവ വ്യാപാരിക്ക് തിരിച്ച് പോകുമ്പോൾ അധികൃതരിൽ നിന്നു വന്ന നിർദ്ദേശം കേട്ട് അത്ഭുതപ്പെടുകയും ചെയ്തു.
തുടർന്ന് വിവരം ശ്രദ്ധയിൽപ്പെട്ട ടെർമിനൽ മാനേജർ കിരൺ ഇടപെടുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തു.
വില്ലനായത് ഹെയർ സ്പ്രേ
ബാഗിൽ തലയിൽ തേയ്ക്കുന്ന ക്രീമിന് പകരമായി ഉപയോഗിക്കുന്ന ഹെയർ സ്പ്രേയാണ് സുരക്ഷാ ഉദ്യോഗസ്ഥരിൽ സംശയത്തിന്റെ നിഴൽ സൃഷ്ടിച്ചത്.
എന്നാൽ, ബാഗ് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് മുന്നോടിയായി തന്നെ ഹാൻഡ് ബാഗ് പോലും കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞ് യാത്രക്കാരനെ മുൾ മുനയിൽ നിർത്തുകയാണ് അധികൃതർ ചെയ്തത്.
ദുബായിയിൽ നിന്നും യൂറോപ്പിലേക്ക് പോകേണ്ട വ്യവസായിയെയാണ് ഇത്തരത്തിൽ അധികൃതർ ദുരിതത്തിലാക്കിയത്.
ഇതേ സമയം തന്നെ രണ്ട് കിലോ ഉരുളക്കിഴങ്ങ് ബാഗിൽ കൊണ്ട് വന്ന വയോധികയും സെക്യൂരിറ്റി ചെക്കിംഗിൽ വിയർക്കുന്നുണ്ടായിരുന്നു.
ബാഗുകളിലെല്ലാം അപായ ചിഹ്നം
മാർച്ച് 21 ന് പുലർച്ചെ രണ്ടിന് ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരുടെ ഭൂരിഭാഗം ബാഗേജുകളും “ഇൻ ടു’ മാർക്ക് പതിച്ചാണ് ബെൽറ്റിൽ എത്തിയത്.
പതിയിരുന്ന് പിടിക്കുന്നതു പോലെ ഓരോ ബാഗും പൊട്ടിച്ച് പരിശോധിച്ച അധികൃതർ യാത്രക്കാരെ ദുരിത കയത്തിൽ നീന്തിച്ചാണ് പുറത്തേക്ക് വിട്ടത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്കെത്തുന്ന പ്രവാസികളാണ് ജന്മനാട്ടിൽ സംശയത്തിന്റെ നിഴലിൽ വിമാനത്താവളത്തിൽ നിൽക്കേണ്ടി വരുന്നത്.
പുറത്ത് തങ്ങളെ വരവേൽക്കാൻ വെമ്പുന്ന മനസുമായി ബന്ധുക്കൾ നിൽക്കുമ്പോഴാണ് അധികൃതരുടെ പരിശോധന പരമ്പര നടക്കുന്നത്-യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മൗണ്ട് ബ്ലാങ്ക് പെൻ
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ യുവാവിന്റെ പോക്കറ്റിൽ മൗണ്ട് ബ്ലാങ്ക് പെൻ കണ്ടതോടെ കസ്റ്റംസ് ഉണർന്നു. യുവാവിനെ മാറ്റി നിർത്തി.
വില കൂടിയ പെൻ ആണല്ലോ എന്നായി അധികൃതർ. ഒടുവിൽ ഏറെ സാഹസപ്പെട്ടാണ് ആ യുവാവ് എയർ പോർട്ടിന് പുറത്തെത്തിയത്. വിമാന കമ്പനികളും യാത്രക്കാരോട് മയമില്ലാതെയാണ് പെരുമാറുന്നത്.
കഴിഞ്ഞ 16ന് രാത്രി 8.50നുള്ള ഷാർജയിലക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനായി വൈകുന്നേരം അഞ്ചോടെ ഇൻഡിഗോ കൗണ്ടറിലെത്തിയ പിതാവിനും മകൾക്കും നേരിടേണ്ടി വന്നതും കയ്പേറിയ അനുഭവമായിരുന്നു.
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തില്ലായെന്നതായിരുന്നു കുറ്റം. സർട്ടിഫിക്കറ്റ് കാണിച്ചിട്ടും കൗണ്ടറിലിരിക്കുന്ന യുവതിക്ക് മനം മാറ്റമില്ല.
“കൗണ്ടറിനു മുന്നിൽ നിന്നും മാറി നിൽക്കൂ, യാത്ര അനുവദിക്കില്ല ‘ ഇതായിരുന്നു കനത്ത ശബ്ദത്തിലുള്ള നിർദ്ദേശം. ഒന്ന് സഹായിക്കൂ എന്ന അപേക്ഷയോടെ നിന്നപ്പോൾ പരിഹാസ ചിരി മാത്രം മറുപടി.
സങ്കടവുമായി പിതാവും മകളും ടെർമിനൽ മാനേജരുടെ ഓഫീസിലെത്തി. അവിടെയുള്ള ജീവനക്കാർ അങ്കലാപ്പിലായ പിതാവിനേയും മകളേയും ആശ്വസിപ്പിക്കുകയും മിനിറ്റുകൾക്കുളളിൽ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
” യാത്രക്കാരെല്ലാം കള്ളൻമാരല്ല’
യാത്രക്കാരെല്ലാം കള്ളൻമാരാണെന്ന കാഴ്ചപ്പാടാണ് കണ്ണൂർ എയർ പോർട്ടിലുള്ളതെന്നും അതുകൊണ്ടു തന്നെ യാത്ര ഇപ്പോൾ കോഴിക്കോട് നിന്ന് ആണെന്നും പ്രമുഖനായ പ്രവാസി രാഷ്ട്ര ദീപികയോട് പറഞ്ഞു.
അടുപ്പിച്ച് മൂന്നു തവണ യുഎഇയിലക്ക് പോകേണ്ടി വന്ന മുൻ നഗരസഭ ചെയർമാനും കണ്ണൂർ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം നൽകിയതു തിക്താനുഭവമായിരുന്നു.
എന്തിനാണ് യാത്രയെന്ന് ചോദിച്ച് ഏറെ ചോദ്യം ചെയ്ത ശേഷമാണ് ജനപ്രതിനിധിയെ പോലും ഇവർ യാത്രയ്ക്കനുവദിച്ചത്.
മക്കൾക്കായി കൊണ്ടു വരുന്ന മൊബൈൽ ഫോണുകൾ പോലും അധികൃതർ നിയമം പറഞ്ഞ് പിടിച്ചു വെക്കുന്നതായും പ്രവാസികൾ പരാതിപ്പെടുന്നു.