കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെ (78) ആണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പാലക്കാട് കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി പോലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്ന് രാവിലെ 10.30 തോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.
ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ്(86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള നിസാര വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജൂൺ മുതൽ കരുണാകരനും വേലായുധനും ഓരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഇരുവരെയും സിംഗിൾ സെല്ലിലേക്ക് മാറ്റിയത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു. ഉറങ്ങി കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കും.
ഞായറാഴ്ച രാത്രിയാണ് വാക്കിംഗ് സ്റ്റിക്ക് കൊണ്ട് കരുണാകരനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സെല്ലിന് പുറത്ത് വീണുകിടക്കുന്ന നിലയിൽ മറ്റ് തടവുകാരാണ് കരുണാകരനെ കണ്ടെത്തിയത്. ഉടൻ ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടി സമയത്ത് തന്നെ കരുണാകരൻ മുഖത്ത് മർദനമേന്റതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇത് വീഴ്ചയിൽ സംഭവിച്ചതാവാം എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.
തലയ്ക്ക് പുറകിൽ ഏറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹതടവുകാരനായ വേലായുധനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിസം സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഉൾപ്പെടെയുള്ള ജയിലിൽ എത്തിയിരുന്നു. അറസ്റ്റിലായ വേലായുധനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.