കണ്ണൂർ: പോലീസുകാരുടെ കണ്ണ് വെട്ടിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടയിൽ മറ്റൊരാളുടെ ബൈക്കിൽ കയറി പ്രതി രക്ഷപെടുകയായിരുന്നു. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്.
കണ്ണവം പോലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ഹർഷാദ് ശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ പോലീസിനെ വെട്ടിച്ച് ഇയാൾ ജയിലിൽ നിന്നും ചാടി പോയത്. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്.