തലശേരി: കണ്ണൂരിലെ കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കി വിലപേശാനുള്ള പ്രമുഖ നേതാവിന്റെ നീക്കത്തിന് തടയിടാന്‍ ജില്ലയിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു.
1965 മുതല്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന നേതാക്കളാണ് കണ്ണൂരിലെ പ്രമുഖ ഹോട്ടലില്‍ വ്യാഴാഴ്ച രഹസ്യ യോഗം ചേര്‍ന്ന് പുതിയ ഐക്യത്തിന് രൂപം നല്‍കിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പൂര്‍ണ ഒത്താശയോടെയാണ് പുതിയ ഐക്യം രൂപം കൊണ്ടിട്ടുള്ളത്.
ജില്ലയിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരും ജില്ലാതല പ്രമുഖ ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ കണ്ണൂരിലെ പ്രമുഖന്റെ കോടികളുടെ അഴിമതി സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
തലശേരിയിലെ രണ്ട് നേതാക്കളുള്‍പ്പെടെ വിദേശത്തും സ്വദേശത്തും നിന്നുമായി വിവിധ ട്രസ്റ്റുകളുടെ പേരില്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ കണക്കും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
1969 ൽ കോൺഗ്രസിന്റെ ആദ്യ പിളര്‍പ്പിലും 1978 ലെ രണ്ടാമത്തെ പിളര്‍പ്പിലും ഇന്ദിരാഗാന്ധിക്കൊപ്പം നിന്നവരാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും.
പ്രമുഖന്റെ ഒപ്പം ഇപ്പോഴും നില്ക്കുന്ന ചില നേതാക്കളും അതീവ രഹസ്യമായി യോഗത്തിനെത്തിയത് പുതിയ കൂട്ടായ്മക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ നല്ല സ്വാധീനമുള്ള മലയോരത്ത് നിന്നുള്ള സംസ്ഥാന നേതാവും കൂത്തുപറമ്പുകാരനായ അതിസമ്പന്നായി നേതാവും ഉള്‍പ്പെടെ യോഗത്തിനെത്തി.
1987 ല്‍ കോണ്‍ഗ്രസിലെത്തിയ പ്രമുഖ നേതാവ് പിന്നീട് പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയതും എ,ഐ ഗ്രൂപ്പുകളിലൂടെ പിന്നിട്ട് നാലാം ഗ്രൂപ്പും ഒക്കെയായി പാര്‍ട്ടിയില്‍ ശക്തി നേടിയ നേതാവ് പാര്‍ട്ടിയെ വെച്ച് നേടിയ കോടികളുടെ കണക്കും ഇത് സംബന്ധിച്ച് ഒരു പ്രവാസി അയച്ച വോയ്സ് ക്ലിപ്പും കെപിസിസി പ്രസിഡന്റ് സ്ഥാനം വരെ ലക്ഷ്യമിടുന്ന ഈ നേതാവിന്റെ ബിജെപി ബന്ധവും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ഈ നേതാവിന്റെ സ്ഥലക്കച്ചവടവും സംസ്ഥാന നേതാവിന്റെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കു പിന്നിലെ നിഗൂഢതകളും പുറത്ത് കൊണ്ടുവരാനും ശ്രമമുണ്ട്.