സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ കോൺഗ്രസിൽ എത്തിച്ച് ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കത്തിനു മുന്നോടിയായി കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ കെ. സുധാകരൻ ജില്ലാ മുസ്ലിംലീഗ് നേതൃത്വവുമായി ചർച്ച നടത്തി. രാഗേഷിനെ തിരികെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് കോർപറേഷൻ ഭരണം യുഡിഎഫ് തിരികെ പിടിക്കുകയാണെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിനു വേണമെന്ന ആവശ്യം ലീഗ് നേതാക്കൾ സുധാകരനെ അറിയിക്കുകയും ചെയ്തു.
എന്നാൽ പി.കെ. രാഗേഷിനു തന്നെ ഡെപ്യൂട്ടി മേയർ സ്ഥാനം നൽകണമെന്നാണ് സുധാകരന്റെ ആവശ്യം. എങ്കിൽ മേയർ സ്ഥാനം തങ്ങൾക്കു വേണമെന്നും ലീഗ് നേതൃത്വം കെ. സുധാകരനെ അറിയിച്ചു.17ന് പാർലമെന്റ് സമ്മേളനം നടക്കുന്നതിനു മുന്നോടിയായി പി.കെ. രാഗേഷ് വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന.
നാളെ കെ. സുധാകരനും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും തമ്മിൽ ഒരുവട്ടവും കൂടി ചർച്ച നടത്തുന്നുണ്ട്. പി.കെ. രാഗേഷിനെ കോൺഗ്രസിൽ തിരികെ എടുക്കുന്നതിനെതിരേ കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചത്.
ഡിസിസി നേതാക്കളിൽ ചിലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഗേഷിനെ പാർട്ടിയിൽ തിരിച്ചെടുത്താൽ ചാലാട്, തളാപ്പ് ഭാഗങ്ങളിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിട്ടുമുണ്ട്. ഇവരുമായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും പരിഹാരമായിരുന്നില്ല.
തുടർന്ന് കെ. സുധാകരനുമായി ചർച്ച നടത്തി പ്രാദേശിക നേതാക്കളുടെ എതിർപ്പ് പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തിനുവേണ്ടി ലീഗ് രംഗത്ത് വന്നത്. ആകെയുള്ള 55 അംഗ കൗൺസിലിൽ യുഡിഎഫിലും എൽഡിഎഫിലും 27 വീതമാണ് അംഗങ്ങൾ. പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരിക്കുന്നത്. ‘