കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നിയന്ത്രണ നടപടികളുമായി പോലീസ്. അനാവശ്യമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചു.
കടകളിൽ സാമൂഹ്യഅകലം പാലിക്കാതെ വ്യാപാരം നടത്തുന്ന ഉടമകൾക്കെതിരെയും നടപടി കർശനമാക്കും.
സാധനം വാങ്ങാൻ എത്തുന്നവർ അകലം പാലിക്കാത്ത അവസ്ഥയുണ്ടായാൽ അവർക്കെതിരേയും നടപടിയുണ്ടാകും. കടകളുടെ വലുപ്പത്തിനനുസരിച്ച് ഒരു സമയക്രമം നിർദേശിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കൂടിയ പിഴ ഈടാക്കും.
കുട്ടികളും പ്രായമുള്ളവരും നഗരത്തിൽ എത്തുന്നത് വിലക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നഗരത്തിൽ ചുറ്റിക്കറങ്ങുന്നവർക്കെതിരേ കേസെടുത്തും.
പാർക്കുകളിൽ ആളുകൾ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പയ്യാന്പലം, നീർക്കടവ്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ഇന്നു മുതൽ കൂടുതൽ പോലീസ് നിരീക്ഷണത്തിനായി ഉണ്ടാകും.
ഇന്നലെ ആർടി ഓഫീസിലെ ജനസേവാ കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൂറുകണക്കിനാളുകൾ കൂട്ടമായി നിന്നാണ് ആവശ്യങ്ങൾ നിർവഹിച്ചത്. ഇതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇവിടങ്ങളിൽ ഇന്നു മുതൽ പോലീസിന്റെ നിയന്ത്രണമുണ്ടാകും. ബാങ്കുകളിൽ ഇടപാടുകാരെ കൂടുതൽ സമയം നിർത്താതെ കാര്യങ്ങൾ പെട്ടെന്നു തീർത്തുകൊടുക്കാൻ വിവിധ ബാങ്ക് മാനേജർമാർക്ക് പോലീസ് നിർദേശം നൽകി.
അനാവശ്യ കാലത്താമസമൊഴിവാക്കി ടോക്കൺ സിസ്റ്റം വഴി ഇടപാടുകൾ എളുപ്പമാക്കാനും നിർദേശം നല്കിയിട്ടുണ്ട്.
നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഏഴു ദിവസം വരെ അടച്ചിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവാഹത്തിൽ പങ്കെടുക്കുന്നതിന് 50 പേർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ ഘട്ടങ്ങളിലായി നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായി പോലീസിന് മനസിലായിട്ടുണ്ട്. ഇത്തരം കല്യാണം നടത്തുന്നവർക്കെതിരേ കേസെടുക്കാൻ നിർദേശം നൽകി.
മരണാന്തര ചടങ്ങുകളിൽ ആളുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ നിന്നും നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ മരണവീട്ടിലെത്തുന്നത് തടയും.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം തൊഴിലാളികളെ എത്തിക്കുന്നവർ ശ്രദ്ധിക്കണം.
അതിഥി തൊഴിലാളികളുടെ പൂർണ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയും വേണം. തൊഴിലാളിയുടെ ഫോട്ടോ, മേൽവിലാസം, നാട്ടിലെ മേൽവിലാസം, സ്പോൺസർ, ആധാർ കോപ്പി എന്നീ വിവരങ്ങളാണ് പോലീസിൽ അറിയിക്കേണ്ടത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി സാധനങ്ങൾ വാങ്ങി വരുന്ന വ്യാപാരികൾക്കെതിരേയും നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാവിലെ പുറപ്പെട്ട് സാധനങ്ങളുമായി വൈകുന്നേരത്തോടെ തിരിച്ചെടുത്തുന്നവർ യാതൊരു നിയന്ത്രണവുമില്ലാതെ അയൽ സംസ്ഥാനങ്ങളിൽ പോയി വരികയാണ്.
ചോളം, മുസന്പി, ആപ്പിൾ എന്നിവയുടെ സീസൺ ആരംഭിച്ചതോടെയാണ് വ്യാപാരികൾ ദിനംപ്രതി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇതര സംസ്ഥാനങ്ങളിൽ പോയിവരുന്നത്.
ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പോലീസ് കരുതുന്നു. ഇത്തരം വ്യാപാരം നടത്തുന്നവർക്കും പോലീസ് നിർദേശങ്ങൾ നൽകും.