തലശേരി/കൂത്തുപറന്പ്: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥിനിർണയ ചർച്ച പൂർത്തിയായി.
ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മൽസരിക്കുമെന്ന് ഉറപ്പായി.
പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ദീപിക നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പാണക്കാട് നടന്ന യോഗത്തിലാണ് പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായത്.
ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ചവരും ഇണപിരിയാത്ത സുഹൃത്തുക്കളുമായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലുള്ള മൽസരം കൗതുകത്തോടെയാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ നോക്കിക്കാണുന്നത്.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ കെ.പി. മോഹനന്റെ വിജയത്തിനുവേണ്ടി അണിയറയിൽ ചുക്കാൻ പിടിച്ചിട്ടുള്ള പൊട്ടക്കണ്ടി അബ്ദുള്ളതന്നെ മോഹനനെ നേരിടാനെത്തുന്നത് യാദൃശ്ചികം. ജില്ലയിൽ ഏറ്റവും ശ്രദ്ധയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതോടെ കൂത്തുപറമ്പ് മാറി.
ആദ്യം മുതൽത്തന്നെ പൊട്ടക്കണ്ടി അബ്ദുള്ളയുടെ പേര് ഉയർന്നിരുന്നുവെങ്കിലും താൻ മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ സംസ്ഥാനനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പൊട്ടങ്കണ്ടി അബ്ദുള്ള സ്ഥാനാർഥിയാകാൻ തയാറായത്.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവസാന്നിധ്യവും യുഎഇയിലെ അൽ മദീന ഗ്രൂപ്പ് ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള ആദ്യമായാണ് ജനപ്രതിനിധിയാകാൻ മത്സരരംഗത്തെത്തുന്നത്.
അബ്ദുള്ളയുടെ പിതാവ് പൊട്ടക്കണ്ടി കുഞ്ഞമ്മദ് ഹാജി കാൽ നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
2011 ൽ യുഡിഎഫ് പക്ഷത്തായിരുന്ന കെ.പി.മോഹനൻ ഇടതുമുന്നണിയിലെ ഐഎൻഎൽ സ്ഥാനാർഥി എസ്.എ പുതിയവളപ്പിലിനെ 3308 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷിമന്ത്രിയായത്.
എന്നാൽ ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണ് കെ.പി. മോഹനനും അദ്ദേഹത്തിന്റെ പാർട്ടിയായ എൽജെഡിയും. തുടർച്ചയായി 40 വർഷം സിപിഎം മാത്രം പ്രതിനിധീകരിച്ച കൂത്തുപറമ്പ് മണ്ഡലം 2011 ൽ മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാനായത്.
1970 ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നിയമസഭാപ്രവേശനത്തോടെയാണ് കൂത്തുപറമ്പ് മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്.
1996ലാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യമായി കൂത്തുപറമ്പിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസിലെ എം.പി.കൃഷ്ണൻ നായരെ 19,000 വോട്ടിനാണ് തോൽപ്പിച്ചത്. തുടർന്ന് 2001 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് പി.ജയരാജൻ കോൺഗ്രസ് സ്ഥാനാർഥിയായ കെ.പ്രഭാകരനെ 18, 620 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 45,377 ആയി വർധിച്ചാണ് പി.ജയരാജൻ വീണ്ടും വിജയിച്ചത്.
2006 ൽ 38,327 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും ജയരാജൻ വിജയിച്ചു. ഇതേ മണ്ഡലത്തിൽ 2016ൽ സിപിഎമ്മിലെ കെ.കെ.ശൈലജ കെ.പി.മോഹനനെ 12,291 വോട്ടിന് പരാജയപ്പെടുത്തി.
മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ.രഞ്ജിത്താകും മത്സരിക്കുകയെന്നാണ് സൂചന.
കൂത്തുപറമ്പ്, പാനൂർ നഗരസഭയും കോട്ടയം, പാട്യം, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് മണ്ഡലം.