ഇരിട്ടി: ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കല്ലേരിമല, മേല്‍മുരിങ്ങോടി ഭാഗങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാന ഇറങ്ങിയത്. ഒരു കുട്ടിയാന ഉള്‍പ്പെടെ മൂന്ന് ആനകളാണ് ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിരിക്കുന്നത്. കല്ലേരിമലയിലെ പന്തിരുവേലില്‍ ജിമ്മിയുടെ റബര്‍ത്തോട്ടത്തിലാണ് ആനകള്‍ മണിക്കൂറുകളോളം തമ്പടിച്ചത്. വിവരമറിഞ്ഞ് വനംവകുപ്പും പോലീസും സ്ഥലത്തെത്തിയിരുന്നു.
ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് പുഴ കടന്നാണ് കാട്ടാനകള്‍ കിലോമീറ്ററുകള്‍ താണ്ടി പ്രധാനപ്പെട്ട രണ്ട് റോഡുകളും കടന്ന് കല്ലേരിമല ഭാഗത്ത് എത്തിയത്. കാട്ടാന ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി പെരുമ്പുന്ന മടപ്പുരച്ചാല്‍, കൊട്ടയാട് ഭാഗത്ത് ഇറങ്ങിയ ഒറ്റയാനെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് തുരത്തിയിരുന്നു.അതിനുപിന്നാലെയാണ് വീണ്ടും ആനക്കൂട്ടം കല്ലേരിമല ഭാഗങ്ങളില്‍ എത്തിയത്. വിവരമറിഞ്ഞ് വന്‍ ജനാവലിയും സ്ഥലത്തെത്തി. ആളുകൾ ബഹളം വച്ച് തുരത്തുന്നതിനിടെ ആനകള്‍ ജനങ്ങളുടെ അടുത്തേക്ക് ചീറിയടുത്തു.
പ്രദേശവാസികളുടെ സഹായത്തോടെ വനംവകുപ്പും പോലീസും സംയുക്തമായാണ് ആനകളെ തുരത്തുന്നതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കാട്ടാനയെ തുരത്താന്‍ വനപാലകര്ക്കൊപ്പമുണ്ട്. കനത്ത മഴ ആനകളെ തുരത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികളായ ചിലരുടെ കൃഷിയിടങ്ങളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്.
നേരത്തെ പുതുശേരി ഭാഗത്ത് കാട്ടാന ഇറങ്ങുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍ കാട്ടാനകളെ നിരീക്ഷിക്കാന്‍ വനപാലകരെ നിയോഗിക്കുകയും സെര്‍ച്ച് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായി കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ഒരു പശുവിനെ ആന ചവിട്ടിക്കൊല്ലുകയും വനംവകുപ്പിന്റെ ജീപ്പ് ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.