പാനൂർ: വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
പാനൂർ നഗരസഭയിൽ കിഴ്മാടം നിരത്തുമ്മൽ സുബൈദ- പരേതനായ ഹമീദ് ദന്പതികളുടെ മകൾ നുസ്രത്ത് (36) ആണ് പൊള്ളലേറ്റ് മരിച്ചത്.
സംഭവത്തിൽ ഭർത്താവിനെ സംശയമുണ്ടെന്നും സാഹചര്യ തെളിവുകളിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കാണിച്ചാണ് സഹോദരൻ മുഹമ്മദ് ഹാസിബ് തലശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 24ന് രാവിലെ ഒൻപതോടെയാണ് പുളിയനമ്പ്രം ഒലിപ്പിൽ യുപി സ്കൂളിന് സമീപം കോറോത്ത് വീട്ടിൽ വച്ച് പൊള്ളലേറ്റ നിലയിൽ നുസ്രത്തിനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുന്നത്.
ചികിത്സയിലായിരിക്കെ ഫെബ്രുവരി 28 നായിരുന്നു മരണം. പൊള്ളലേൽക്കുന്ന സമയത്ത് വീട്ടിൽ ഭർത്താവ് റഷീദ് ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ചൊക്ലി സബ്ബ് ഇൻസ്പെക്ടർ സുഭാഷിന്റെ നേതൃത്വത്തിൽ പോലീസ് കീഴ്മാടമുള്ള നുസ്രത്തിന്റെ വീട്ടിലെത്തി സഹോദരന്റെയും ഉമ്മയുടെയും മക്കളുടെയും മൊഴിയെടുത്തു.