കണ്ണൂർ: കണ്ണൂരിൽ ഒൻപതു വയസുള്ള പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ.
കണ്ണൂർ താളിക്കാവിലെ കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവന്തികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.
അവന്തികയെ കിടപ്പുമുറിയിൽ വച്ച് ഭാര്യ വാഹിദ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവന്ന് രാജേഷാണ് പോലീസിനോടു പറഞ്ഞത്. തുടർന്ന് വാഹിദയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. രാജേഷ് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടി കുറ്റിയിട്ടിരുന്നു.
അകത്തുനിന്നു മകളുടെ കരച്ചിൽ കേട്ടപ്പോൾ സംശയം തോന്നി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ കുട്ടി കിടക്കയിൽ ബോധമറ്റ് കിടക്കുന്നതായി കണ്ടു.
ഭാര്യ വാഹിദയും മുറിയിൽ ഉണ്ടായിരുന്നു. രാജേഷ് ഉടൻതന്നെ അവന്തികയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെത്തുടർന്ന് രാജേഷ് ടൗൺ പോലീസിൽ പരാതി നൽകി. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്.
അമ്മ വാഹിദ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
എന്നാൽ, ചില മാനസിക പ്രശ്നങ്ങൾ വാഹിദയ്ക്കുണ്ടെന്ന് മനസിലായിട്ടുണ്ട്. തുടർന്ന് വാഹിദയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തായിരുന്ന രാജേഷ് കുറച്ചു മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. മരിച്ച അവന്തിക കുടകിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
എസിപി പി.പി. സദാനന്ദൻ, സിഐ ശ്രീജിത്ത് കൊടിയേരി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.